താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതൃഹൃദയം പായുമായി അവൾ തിരിച്ചുവന്നു. കമലത്തിനു കിടക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തു. തനിച്ചാണോ താമസം?-- കമലം കുശലപ്രശ്നംചെയ്തു. എന്റെ കുഞ്ഞുമാത്രമേ എനിക്കു കൂട്ടുള്ളു.--ഗ്രാമീണ മുഖംതിരിച്ചുകളഞ്ഞു. ഭർത്താവു്?... മരിച്ചുപോയി. രണ്ടുകൊല്ലം മുമ്പു്-- ഗ്രാമീണയ്ക്കു സംഭാഷണം നീട്ടണമെന്നു് ആഗ്രഹമില്ല. അവർ ദീപം കയ്യിലെടുത്തു. കമലം പായ് നിവർത്തു. അടുത്ത മുറിയിൽ അമ്മേ-- എന്നു് ഒരു പൈതൽവിളിച്ചു ഗ്രാമീണ വിളക്കുമായി അകത്തേക്കുപോയി കമലം വീണ്ടും അന്ധകാരത്തിലായി. അവൾ കിടന്നു. അടുത്ത മുറിയിലെത്തിയമാതാവു് പൈതലിനോടു് എന്തെല്ലാമോ സംസാരിച്ചുതുടങ്ങി. അതിഥിയുടെവരവോടെ ആ കുസൃതിക്കുടുക്ക ഉണർന്നു മാതാവു് എന്തെല്ലാം പറഞ്ഞിട്ടും പാടിയിട്ടും അവൻഉറങ്ങുന്നില്ല. കമലംഅതെല്ലാം ശ്രദ്ധിച്ചുകൊണ്ടു കിടക്കുകയാണു്. കുട്ടിയുടെചോദ്യങ്ങൾ മാതാവിന്റെമറുപടികൾ. അതങ്ങിനെതുടരുന്നു. കമലത്തിന്റെ നിദ്ര നശിച്ചു. അതിലും ശ്രേഷ്ഠമായ ഒന്നു് അവളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചു. അവൾഇടക്കിടെ ദീർഘമായിനിശ്വസിച്ചു. എന്റെ കുഞ്ഞുണ്ടായിരുന്നെങ്കിൽ...... അടുത്തമുറിയിലെ പൈങ്കിളികൊഞ്ചൽ അവളുടെ ഹൃദയത്തെ മഥിച്ചു. എന്തോ മധുരവും മൃദുലവും മനോഹരവുമായ ഒരു വികാരം അവളുടെ ഹൃദയത്തിൽ ഉദിച്ചുയർന്നു. ക്ഷതമേറ്റ ആ മാതൃഹൃദയം കണ്ണുനീരിൽ ശാന്തിതേടി.