താൾ:11E607.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

മിഷണറിയായിപ്രവർത്തിച്ചപ്പോഴും നാട്ടിൽ മടങ്ങിയെത്തി പ്രസാധകനായി
വളർന്നപ്പോഴും സ്ട്രൗസും ഹേഗിലും വിട്ടൊഴിയാത്ത സ്വാധീനങ്ങളായി ഗുണ്ടർട്ടിൽ
അവശേഷിച്ചു.

ജനകീയ പഠനങ്ങൾ

ട്യൂബിങ്ങനിൽ കണ്ടെത്തിയ നോട്ബുക്കുകൾ ഗുണ്ടർട്ടിന്റെ വിപുലമായ
അന്വേഷണമേഖലകളെക്കുറിച്ചു അറിവു നൽകുന്നു. സ്ഥലമാഹാത്മ്യം,
ക്ഷേത്രമാഹാത്മ്യം തുടങ്ങിയ ഇനങ്ങളിൽ ഉൾപ്പെടുത്താവുന്ന ശ്ലോകങ്ങൾ
പലസ്ഥലങ്ങളിൽ നിന്ന് അദ്ദേഹം ശേഖരിച്ചിരുന്നു. രാജ്യചരിത്രത്തെക്കുറിച്ചുള്ള
പരാമർശങ്ങൾ ധാരാളമുണ്ട്. കേരളത്തിൽ, വിശിഷ്യ മലബാറിൽ കൃഷിചെയ്തിരുന്ന
വിവിധയിനം നെല്ലുകളുടെ വിവരണം, വിളവിറക്കുന്ന കാലം, കൊയ്ത്തുകാലം,
ഏറ്റവും പറ്റിയ മണ്ണ് എന്നിവയെല്ലാം ഒരു പട്ടികയായി കുറിച്ചിട്ടിരിക്കുന്നു. വിവിധ
ജാതികൾ ദേശങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പല
നോട്ബുക്കുകളിലും കാണാം. ജനജീവിതത്തിന്റെ ഊടുവഴികളിലൂടെ
സഞ്ചരിക്കാനും അവിടെ കണ്ടതും കേട്ടതും വിജ്ഞാനശേഖരത്തിൽ ഇനം തിരിച്ചു.
വയ്ക്കാനും അദ്ദേഹം കാണിച്ച താല്പര്യം ഇന്നത്തെ പണ്ഡിതന്മാർക്കു പോലും
മാർഗ്ഗദർശകമാണ്. ജനകീയ പഠനങ്ങളുടെ പ്രാധാന്യം മുൻകൂട്ടിക്കണ്ട ഗുണ്ടർട്ട്
ഇന്നത്തെ പല അക്കാദമിക് ഗവേഷകർക്കും ചെന്നെത്താൻ കഴിയാത്ത ജനകീയ
ധാരകളിൽ എത്തിച്ചേർന്നിരുന്നു.

മാപ്പിളമലയാളം

ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരത്തിൽ മാപ്പിളപ്പാട്ടിന്റെ കൈയെഴുത്തു
പകർപ്പുണ്ട്. ഇക്കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നു. ഒരു മിഷണറി എന്ന
നിലയിലുള്ള ഗുണ്ടർട്ടിന്റെ പ്രവർത്തനം മുസ്ലീങ്ങളുമായുള്ള ആരോഗ്യകരമായ
ബന്ധത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നതാണ് സത്യം. മതപ്രചാരണ
പ്രവർത്തനത്തിൽ പരസ്പരം മത്സരിച്ചു നിന്നിരുന്ന മുസ്ലീങ്ങളും ക്രൈസ്തവമിഷ
ണറിമാരും അക്കാലത്ത് ലോകത്തിന്റെ പല ഭാഗത്തും കലഹത്തിലായിരുന്നല്ലോ.
മുസ്ലീങ്ങളിൽ നിന്ന് ഏതാനും വ്യക്തികൾ ബാസൽമിഷനിൽ ചേർന്നതിനെ
തുടർന്നു കടുത്ത സംഘർഷങ്ങളുണ്ടായി. ആശയസമരം ലഘുലേഖകളിലൂടെയും
പ്രസംഗങ്ങളിലൂടെയും മുന്നേറിയപ്പോൾ ചിലർ അക്രമാസക്തരായിത്തീർന്നു.
ഏതായാലും അക്കാലത്തെ ലഘുലേഖകൾ മുസ്ലീങ്ങളും ക്രൈസ്തവ
മിഷണറിമാരും തമ്മിലുണ്ടായിരുന്ന സംഘർഷത്തിന്റെ തീവ്രത വെളിവാക്കും.
ബ്രിട്ടീഷുകാരും (അവർ പേരിലെങ്കിലും ക്രിസ്ത്യാനികളായിരുന്നല്ലോ) മാപ്പിളമാരും
തമ്മിൽ വിദ്വേഷം വർധിച്ചതോടെ അസ്വസ്ഥത പെരുകി. ഇതിലെല്ലാം ഒരു
പരിധിയോളം ഗുണ്ടർട്ടും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും
മാപ്പിളമലയാളത്തിന്റെ നേരെ കണ്ണടയ്ക്കാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. ഇത്ര
വിശദമായി മാപ്പിളമലയാളം പഠിച്ചിട്ടുള്ള ഒരു ഭാഷാപണ്ഡിതൻ ഉണ്ടെന്നു
തോന്നുന്നില്ല. നിഘണ്ടുവിൽ മാപ്പിള മലയാളത്തിന്റെ അതിപ്രസരം തന്നെയുണ്ട്.
അറബി വാക്കുകൾ ഏറിപ്പോയെന്നു പണ്ഡിതന്മാർ പരാതിപ്പെടുന്നു!

പാഠപുസ്തകരചന

വിദ്യാഭ്യാസ പ്രവർത്തകനായ ഗുണ്ടർട്ടിനെ പരിചയപ്പെടാൻ
അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലൂടെ കടന്നു പോകുകയേ വേണ്ടൂ.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/29&oldid=201038" എന്ന താളിൽനിന്ന് ശേഖരിച്ചത്