താൾ:11E607.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiv

തലശ്ശേരിയിൽ എത്തിയ കാലം മുതൽ അദ്ദേഹം വിദ്യാഭ്യാസകാര്യങ്ങളിൽ
ശ്രദ്ധപതിപ്പിച്ചു. പാഠാരംഭം, വലിയ പാഠാരംഭം എന്നീഭാഷാപാഠാവലികളും പാഠമാല
എന്ന ഗദ്യപദ്യ സമാഹാരവും ഭാഷാപഠനത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ ദർശനം
വെളിവാക്കുന്നു. ക്ലാസിക്കുകളിൽ നിന്നുള്ള ഭാഗങ്ങൾക്കു പുറമേ പഴഞ്ചൊല്ലുകളും
ഐതിഹ്യങ്ങളും അദ്ദേഹം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പദ്യത്തിനൊപ്പം
ഗദ്യത്തിനും സ്ഥാനം നൽകി. വിഷയവൈവിധ്യമുള്ള ഗദ്യമാതൃകകൾ
കണ്ടെത്തുന്നതിൽ അദ്ദേഹം കാണിച്ച നൈപുണ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ തനതു ശാസ്ത്രത്തിനു ആ പാഠപുസ്തകത്തിൽ സ്ഥാനമുണ്ട്.
മാപ്പിള ഭാഷയ്ക്കും നസ്രാണി ഭാഷയ്ക്കും മാതൃകകളുണ്ട്. ഇവയെല്ലാം
ക്രോഡീകരിച്ചെടുക്കാൻ ഗുണ്ടർട്ട് നടത്തിയ പഠനങ്ങളും പരിശോധനകളും
കൈയെഴുത്തു ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം.

താരതമ്യവ്യാകരണം

ഗുണ്ടർട്ട് എന്ന ബഹുമുഖ പ്രതിഭയെ ഒരു കണ്ണാടിയിൽ എന്നവണ്ണം
കാട്ടിത്തരുന്നതാണ് അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം. അദ്ദേഹത്തിനു താല്പര്യ
മില്ലാത്ത വിഷയങ്ങൾ വിരളമായിരുന്നു. എങ്കിലും ഭാഷാവിഷയകമായ ഗ്രന്ഥങ്ങളിൽ
അദ്ദേഹം പ്രത്യേക താല്പര്യമെടുത്തിരുന്നു. ഗുണ്ടർട്ടു ശേഖരിച്ചതിൽ ചെറിയൊരു
ഭാഗമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ എന്നു വേണം കരുതാൻ. അടുത്ത കാലത്തുണ്ടായ
കൗതുകകരമായ ഒരനുഭവം എഴുതാം. ഗുണ്ടർട്ടു വ്യാകരണത്തെക്കുറിച്ചും
അതിലുപയോഗിച്ചിരിക്കുന്ന അധുനാതനമായ താരതമ്യ വ്യാകരണ സിദ്ധാന്ത
ങ്ങളെക്കുറിച്ചും ഉപന്യസിച്ച കേരള സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ്
പ്രഫസർ ഡോ. എ.പി. ആൻഡ്രൂസു കുട്ടി അദ്ദേഹം കണ്ടിരിക്കാം എന്നു തറപ്പിച്ചു
പറഞ്ഞ ഒരു ഗ്രന്ഥം ബോപ്പിന്റെ വ്യാകരണ ഗ്രന്ഥമാണ്. അടുത്ത കാലത്തു ട്യൂബി
ങ്ങനിലെ ഗുണ്ടർട്ട് നോട്ബുക്കുകൾ പരിശോധിക്കുന്നതിനിടയിൽ അവയിലൊ
ന്നിൽ നിന്നു (Ma I 797) ഇരുപതോളം പേജുള്ള ഒരു കുറിപ്പു കിട്ടി. അതു
ബോപ്പിന്റെ താരതമ്യ വ്യാകരണത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ കുറിപ്പായിരുന്നു!

കാൽഡ്വലിന്റെ താരതമ്യ വ്യാകരണത്തിന്റെ ആദ്യപതിപ്പിനു (1856),
ഗുണ്ടർട്ട് എഴുതിയ 50 പേജുള്ള വിമർശനക്കുറിപ്പ് (ഇംഗ്ലീഷ്) ഇപ്പോൾ
ട്യൂബിങ്ങനിലുണ്ട്. താരതമ്യ വ്യാകരണത്തിന്റെ ഒന്നാം പതിപ്പിൽ ഗുണ്ടർട്ടിന്റെ
പേരു പോലുമില്ല. രണ്ടാം പതിപ്പിലെത്തിയപ്പോൾ ഗുണ്ടർട്ടാണ് തന്റെ ഏറ്റവും
വലിയ ഉപകാരി എന്നു കാൽഡ്വൽ രേഖപ്പെടുത്തുന്നു. ഗുണ്ടർട്ടിന്റെ
വിമർശനക്കുറിപ്പും രണ്ടാംപതിപ്പിൽ ഗുണ്ടർട്ടിനെ ഉദ്ധരിച്ചുകൊണ്ടു കാൽഡ്വൽ
നടത്തുന്ന പരാമർശങ്ങളും ചേർത്തു വായിച്ചാൽ കാൽഡ്വലിനു ഗുണ്ടർട്ടിനോടു
തോന്നിയ മതിപ്പിന്റെ കാരണം വെളിവാകും. സംസ്കൃതത്തിലെ ദ്രാവിഡ
പദങ്ങളെക്കുറിച്ചു ആദ്യം ശാസ്ത്രീയമായി പഠിച്ചതു ഗുണ്ടർട്ടാണ്. ഗുണ്ടർട്ടു
നിഘണ്ടുവും അദ്ദേഹം കേരളത്തിൽ എത്തിയ ഉടനെ താരതമ്യ തത്ത്വനിഷ്ഠമായി
രചിച്ച മലയാള വ്യാകരണവും* (അപ്രകാശിതം, ഇംഗ്ലീഷ്) ദ്രാവിഡ ഭാഷകളുടെ
താരതമ്യ വ്യാകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം വെളിവാക്കുന്നു.

*Grammar of the Malayalam എന്ന ശീർഷകത്തിലുള്ള കൈയെഴുത്തിൽനിന്നു
ആറു ഖണ്ഡമുള്ള വർണകാണ്ഡം മാതൃകയ്ക്കായി Dr. Hermann Gundert and Malayalam
language (HGS Vol III. 2), 1993, P 292-305 എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/30&oldid=201040" എന്ന താളിൽനിന്ന് ശേഖരിച്ചത്