Jump to content

താൾ:ഹാസ്യരേഖകൾ.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്കു് ഉപദേശം

"ഉപദേശം" എന്നു കേൾക്കുമ്പോൾത്തന്നെ പല കവികളും മുഖം ചുളുക്കിയേയ്ക്കാം. എന്തെന്നാൽ ഉപദേശം ആവശ്യമില്ലെന്നു കരുതുന്നവരിൽ ആദ്യന്മാർ അവരാണ്. കാളിദാസൻ സംസ്കൃതത്തിലും, യമകക്കാരനായ വാസുഭട്ടതിരി മലയാളത്തിലും കവികളായിത്തീൎന്നത് ഉപദേശംമൂലമാണെന്നുള്ള കഥ അവർ വിസ്മരിക്കുന്നു. അതേ, മിസ്റ്റർ, അവൎക്കു് കിട്ടിയ ഉപദേശം ദൈവികമായിരുന്നു എന്നു ഞാനറിയാതെയല്ല. ഇപ്പോഴത്തെ കവികൾ അങ്ങനെയുള്ള ദൈവികമായ ഉപദേശങ്ങൾക്കു വളരെ ദൂരത്താണ് നില്ക്കുന്നതെന്ന് അവരും അറിയുമല്ലോ. 'മഹാജനത്തിന്റെ വാക്കു ദൈവവാക്കാണ്' എന്നൎത്ഥത്തിൽ ഇംഗ്ലീഷിൽ ഒരു പഴഞ്ചൊല്ലമുണ്ട്. ആ സ്ഥിതിക്കു മുതൽ മുടക്കില്ലാതെ അല്പം ഉപദേശം ലഭിക്കുന്നതിൽ ആരും പരിഭവിക്കേണ്ട ആവശ്യമില്ല.

കവികൾ 'ക്രാന്തദശി'കളാണെന്നു പണ്ടാരോ പറഞ്ഞുപരത്തി. അതുമുതലാണ് കവികൾ വിഷമക്കാരാവാൻ തുടങ്ങിയത്. ഈ ലോകത്തെ പുലരാൻ നിർബ്ബന്ധിതരെങ്കിലും, തങ്ങൾ സാമാന്യജനങ്ങളിൽനിന്നു ജനനാൽ ഭിന്നന്മാരാണെന്നൊരു വിചാരം അവൎക്കും, ചില ചിത്രശലഭങ്ങൾ പൂച്ചികൾ എന്നെല്ലാം പോലെ ക്ഷണപ്രഭരായ വിനോദസൃഷ്ടികളാണ് ഇവരെന്നൊരു വിചാരം സാമാന്യജനങ്ങൾക്കും ഉണ്ടാവാനാരംഭിച്ചതും അതുമുതൽക്കു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/28&oldid=222067" എന്ന താളിൽനിന്ന് ശേഖരിച്ചത്