താൾ:സൗന്ദര്യനിരീക്ഷണം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനം


മാണെന്നു പറഞ്ഞുകൂടാ. അവ മഹനീയമായ കാഴ്ചകളാണ്. കാളിദാസന്റെ ഹിമാലയവർണ്ണനയിൽ, രമണീയമായ അംശങ്ങൾ അവിടവിടെ കാണുന്നുണ്ടെങ്കിലും ആകെക്കൂടി നോക്കുമ്പോൾ മഹത്ത്വമാണ് മുന്നിട്ടു നിൽക്കുന്നത്. 'ഹിമാലയോ നാമ നഗാധിരാജഃ' എന്ന പദത്തിലെ 'അ'കാരത്തിന്റെ മന്ദ്രദ്ധ്വനിതന്നെ ഇതിനു ദൃഷ്ടാന്തമാണ്. വലിപ്പം കൂടുന്തോറും സന്തുഷ്ടിയേക്കാൾ വിസ്മയമാണു മനസ്സിൽ പൊന്തിവരുന്നത്. സുന്ദരവസ്തുക്കൾ മനസ്സിനെ സുഖത്തിലാറാടിക്കുന്നു. എന്നാൽ വലിപ്പമുള്ള വസ്തുക്കൾ മനസ്സിനെ പിടിച്ചുയർത്തുന്നു. രമണീയവസ്തുക്കളിൽ സൗന്ദര്യവും മഹനീയവസ്തുക്കളിൽ ശക്തിയും പ്രതിഫലിക്കുന്നു. അതുകൊണ്ട് ഒരു വസ്തു സുന്ദരമാണെന്നു പറയണമെങ്കിൽ അതു നമ്മുടെ കണ്ണിലും ഒതുങ്ങുന്നതായിരിക്കണം. അതായത് ചെറുതായിരിക്കണം. നമുക്ക് ഓമനത്തം തോന്നുന്ന വസ്തുക്കളുടെ നാമത്തോട് 'കൊച്ചു', 'കുഞ്ഞു' മുതലായ പദങ്ങൾ ചേർക്കുന്നത് സാധാരണമാണല്ലോ.

സൗന്ദര്യത്തിനാസ്പദമായ മറ്റൊരു ഗുണം മാർദ്ദവമാണ്. അഴകും പരുപരുപ്പും തമ്മിൽ പൊരുത്തമില്ല. ഖനിയിൽനിന്നെടുക്കുന്ന രത്നത്തിനു മിനുപ്പുവരുത്തിയെങ്കിൽ മാത്രമേ അത് സുന്ദരമാകൂ. ഒന്നുകിൽ മാർദ്ദവം വേണം. അല്ലെങ്കിൽ മാർദ്ദവമുണ്ടെന്നു തോന്നിക്കണം. താടിക്കാരന്റെ മുഖം നമ്മിൽ ആദരവുണ്ടാക്കിയേക്കാം. പക്ഷേ, ക്ഷൗരംചെയ്തെങ്കിൽ മാത്രമേ അത് സൗന്ദര്യജന്യമായ ആനന്ദം കാണികളിൽ ഉളവാക്കുകയുള്ളു. അതുകൊണ്ട് മാർദ്ദവത്തെ സൗന്ദര്യത്തിന്റെ അഭിന്നഘഗ്ഗകമായി ബർക്ക് കണക്കാക്കുന്നു.

ആകൃതിയെ സംബന്ധിച്ചും ബർക്കിനു ചിലതു പറയുവാനുണ്ട്. സുന്ദരമായ വസ്തുക്കളൊന്നിലും ഋജുരേഖ മുന്നിട്ടുനിൽക്കുകയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അഴകുള്ള ഏതു വസ്തുവിലും ഒരു വളവു കാണാതിരിക്കുകയില്ല. ആ വളവു പൊടുന്നനവേയുള്ളതായിരിക്കുകയില്ല. തനിവൃത്തത്തിൽ യാതൊരു ഭംഗിയുമില്ലെന്നാണ് ബർക്കിന്റെ വാദം. വട്ടക്കണ്ണ്, വട്ടത്തല മുതലായവ സങ്കല്പിക്കുക. സുന്ദരമായ വസ്തുവിലെ വളവു മെല്ലെമെല്ലെയാണു പ്രത്യക്ഷപ്പെടുക. നേർവര മുന്നിട്ടുനിൽക്കുന്ന വസ്തുക്കൾ ചിലപ്പോൾ മഹനീയമായിരിക്കാമെങ്കിലും അവയെ സുന്ദരമെന്നു പറഞ്ഞുകൂടാ. അതിലും വിശേഷിച്ച്, സമകോണത്തിൽ വിലങ്ങനെ നിൽക്കുന്ന രേഖകൾ ഒരിക്കലും സുന്ദരമാകയില്ല. അതുകൊണ്ട് കുരിശ് അഴകുള്ള ആകൃതിയല്ല. ഈജിപ്തിലെ സ്തൂപങ്ങൾ മഹനീയമാണ്; പക്ഷേ, അവ രമണീയമല്ല. താജ്മഹൽപോലും രമണീയമോ മഹനീയമോ എന്നു ബർക്ക് സംശയിച്ചേക്കാം, അതു വാസ്തവത്തിൽ അത്രവലിയതാണ്. പക്ഷേ, അല്പം അകലെനിന്നു നോക്കുമ്പോൾ അതിന്റെ അംഗങ്ങളുടെ സമീചീനമായ പൊരുത്തംകൊണ്ടു തോന്നിക്കുന്ന ഓമനത്തവും അതിന്റെ മിനുമിനുപ്പും, താഴികക്കുടം മുതലായവയുടെ വലവും അതിനെ രമണീയവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയേക്കാം.

13