താൾ:സൗന്ദര്യനിരീക്ഷണം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


നിഷേധിക്കുവാൻ, അതിനോടുതന്നെ അവജ്ഞ തോന്നുവാൻ ബദ്ധപ്പെടുന്നത് സ്വാഭാവികമാണോ?

സൗന്ദര്യവും മനോജാതവും അനന്യാപേക്ഷിതമാണെങ്കിൽ ഇന്ന വസ്തുക്കൾക്കു മാത്രമേ നമ്മിൽ സൗന്ദര്യപ്രതീതി ഉളവാക്കുവാൻ സാധിക്കുകയുള്ളൂ എന്നു പറയാവുന്നതല്ല. ഏതു വസ്തുവും സൗന്ദര്യബോധത്തെ തട്ടിയുണർത്തുവാൻ പര്യാപ്തമായിരിക്കണം. പക്ഷേ, നമ്മുടെ അനുഭവം മറിച്ചാണ്. കുപ്പക്കുന്നും ചാണകക്കുഴിയും കണ്ടു നാം സൗന്ദര്യാതിശത്താൽ മതിമറന്നുപോകാറില്ല. സൗന്ദര്യപ്രതീതി ഉളവാക്കുന്ന വസ്തുക്കൾ വളരെയധികമില്ലെന്നാണ് നമ്മുടെ അനുഭവം. പ്രകൃതിയും സുകുമാരകലകളുമാണ് നമ്മിൽ മുഖ്യമായി സൗന്ദര്യാനുഭൂതി ഉണ്ടാക്കുന്നത്. സൗന്ദര്യം ബാഹ്യലോകാസ്പദമല്ലെങ്കിൽ, ഇങ്ങനെ വരേണ്ട യാതൊരു ന്യായവും കാണുന്നില്ല. നമുക്കു പ്രകൃത്യാ ആഹ്ളാദത്തോടാണ് പ്രതിപത്തി. സൗന്ദര്യജാതമായ ആഹ്ളാദം ബാഹ്യലോകത്തെയല്ല ആശ്രയിച്ചിരിക്കുന്നതെങ്കിൽ, അതു സ്ഥായിയായി നമ്മിൽ കുടികൊള്ളേണ്ടതാണ്. പക്ഷേ, ആഹ്ളാദത്തോടൊപ്പംതന്നെ അതിനു വിപരീതമായ മനോവ്യാപാരവും നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് സൗന്ദര്യത്തിന്റെ അധിഷ്ഠാനം കണ്ടെത്തണമെങ്കിൽ നമ്മുടെ അന്തരംഗത്തിൽ മാത്രം ദത്താവധാനരായിരുന്നാൽ പോരെന്നും ബഹിർലോകത്തിലേക്ക് ദൃഷ്ടികൾ വ്യാപരിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും വന്നുകൂടുന്നു.


2


ഇനി നമുക്ക് ബാഹ്യലോകത്തിലേക്കു കടക്കാം. ബാഹ്യലോകത്തിലെ ഏതേതു ഗുണങ്ങളെ ആസ്പദമാക്കിയാണ് നാം സൗന്ദര്യത്തിന്റെ ഉത്പത്തി കണ്ടെത്തുക? ആ ഗുണങ്ങൾ ഭൗതികമോ അഭൗതികമോ?

ഭൗതികമായ ചില ഗുണങ്ങളെ ആധാരമാക്കി സൗന്ദര്യനിർണ്ണയം ചെയ്യുവാൻ പല കലാചിന്തകന്മാരും ശ്രമിച്ചിട്ടുള്ളതായി കാണാം. പതിനെട്ടാംനൂറ്റാണ്ടിലെ പ്രസിദ്ധ രാഷ്ട്രീയചിന്തകനായ ബർക്ക് തന്റെ ഒരു യുവകൃതിയിൽ അങ്ങനെ ഒരു ശ്രമം ചെയ്തിട്ടുണ്ട്. രമണീയം, മഹനീയം എന്നിവയ്ക്കു തമ്മിലുള്ള വ്യത്യാസം പ്രകടിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യോദ്ദേശ്യം. എന്നാലും പ്രാസംഗികമായി അദ്ദേഹം രമണീയകത്തിന്റെ അധിഷ്ഠാനമായ ചില ഭൗതികഗുണങ്ങളെ പരാമർശിക്കുന്നുണ്ട്.

രമണീയമായ വസ്തു പ്രായേണ ചെറുതായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഒരു സിദ്ധാന്തം. രമണീയവസ്തുക്കളിൽ ഏതാണ്ടൊരു ഒതുക്കവും കൃശത്വവും ഓമനത്തവും നാം ദർശിക്കുന്നു. വലിപ്പം കൂടുമ്പോൾ രമണീയതയുടെയല്ല, മഹനീയതയുടെ പ്രതീതിയാണ് നമ്മിലുണ്ടാകുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സൂര്യോദയമോ ഹിമാലയപർവ്വതമോ രമണീയ-

12