തൻപിഞ്ചുപൈതലിൻ രുപം, ജനിപ്പതിൻ-
മുൻപൊരു മാതാവതൂഹിച്ചിടുന്നപോൽ!
തൻപിഞ്ചുപൈതൽ!- നടുങ്ങുന്നതെന്തു ഞാൻ?
കമ്പിതമാവാതെ,ന്തെന്റെ കൈകാലുകൾ?...
ഹാ, മന്ദഭാഗ്യ ഞാ;നയ്യോ ജനിക്കുകി-
ല്ലോമനപ്പൈതലെനിക്കൊന്നൊരിക്കലും;
തൽപിതാവിന്റെ മിഴികളുമേന്തിനി-
ന്നെപ്പൊഴുമെന്നെയസഹ്യപ്പെടുത്തുവാൻ!
അംബികേ, പേർത്തും മരിപ്പതിൻമുൻപു ഞാൻ
അൻപ്രിയ,ന്നെൻമൊഴിയൊന്നു, നീ കേൾക്കണേ!
അമ്മേ, വസുന്ധരേ, മദ്വചനങ്ങൾ നീ
ചെമ്മേ ചെവിക്കൊള്ളു,കാകാരബന്ധുരേ!
മൃത്യുവിൻ,നക്ഷത്രശൂന്യമായ് കൂരിരുൾ-
മുറ്റിത്തണുത്തതാമാ, വഴിത്താരയിൽ,
മൽപൂർവരാഗമെൻനാഥൻ വരിച്ചതാ-
മത്ഭുതാംഗിക്കായി വിട്ടുകൊടുത്തു, ഞാൻ.
സാന്ത്വനിപ്പിക്കപ്പെടാത്തവളായ്, സദാ
താന്തയായ്, തപ്തശിഥിലസ്വാന്തയായ്.
ഏകയായ്, മന്ദം നടന്നുപോകുമ്പൊ,ളീ -
ലോകത്തിൽനിന്നുയർ,ന്നാത്തകൗതൂഹലം,
കഷ്ടമെങ്ങാനു,മദ്ദമ്പതിമാരുടെ
പൊട്ടിച്ചിരിക,ളെൻ കാതിലെത്തീടിലോ!...
ഇല്ല,കൂട്ടില്ലാതെ, നിശ്ചയം, ഹാ, മരി-
ക്കില്ല ഞാ,നിക്കൊടുങ്കാട്ടി,ലൊരിക്കലും!
പോകട്ടെ ഞാനിങ്ങുനിന്നു, മാവോളവും
വേഗ, 'മരുന്ധതീദേവി'യെക്കാണുവാൻ!
സന്ധ്യയ്ക്കുമുൻ,പിനിയെന്തൊക്കെയാകിലും
വിന്ധ്യാചലത്തിലെനിക്കു ചെന്നെത്തണം.
ഭാവിയെപ്പറ്റിക്കഥിക്കാൻ കഴിയുമാ-
ദ്ദേവിക്കു-ഞാനിന്നറിയും സമസ്തവും!
രാവുംപകലു,മെവിടെത്തിരികിലും,
ഭൂവു,മാകാശവുമയ്യോ സമസ്തവും,
തീയാണെനിക്കു പുകഞ്ഞെരിഞ്ഞീടുന്ന-
തീയാണെനിക്കിനിയെന്തു ചെയ്യട്ടെ ഞാൻ?...