Jump to content

താൾ:സുധാംഗദ.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുറത്തു കൊത്തിയിട്ടുള്ള ഒരു പൊന്നാപ്പിൾപ്പഴം ആരുമറിയാതെ, ദേവിമാർ ഇരിക്കുന്ന മുറിയുടെ കിളിവാതിൽക്കൽ വെച്ചിട്ട്, മിണ്ടാതിറങ്ങിപ്പോവുകയും ചെയ്തു. ആപ്പിൾപ്പഴം ദൃഷ്ടിയിൽപ്പെട്ടതോടുകൂടി, തനിക്കാണു വേണ്ടത്, തനിക്കാണു വേണ്ടതെന്നു വാദിച്ചുകൊണ്ട് ഹേര, അഫ്രോഡെയ്റ്റ്, അതീനെ എന്നീ മൂന്നു ദേവിമാർ കലഹിക്കുവാൻ തുടങ്ങി. ഉടൻതന്നെ 'സ്യൂസ്' ഹെർമസ് എന്ന ദേവതയെ അടുത്തു വിളിച്ച് ഐഡിന്റെ മറ്റൊരു ഭാഗമായ ഗാർഗാറസ് മലയിൽ ആടുകളെ മേച്ചുകൊണ്ട് പാരീസ് ഇരിക്കുന്നുണ്ടെന്നും മൂന്നു ദേവിമാരെയും കൂട്ടിക്കൊണ്ട് അയാളുടെ അടുത്ത് ചെന്നാൽ കാര്യത്തിന് എന്തെങ്കിലും ഒരു തീരുമാനമുണ്ടാകുമെന്നും പ്രസ്താവിച്ചു. മാത്രമല്ല, അവരെ പാരീസിന്റെ അടുത്തു കൂട്ടിക്കൊണ്ടുപോകുവാൻ അദ്ദേഹം ഹെർമസ്സിനെ നിയോഗിക്കുകയും ചെയ്തു.

അതനുസരിച്ചു മൂന്നു ദേവിമാരും പാരീസിന്റെ അടുത്തു വന്നു. തനിക്ക് ആപ്പിൾപ്പഴം തരുന്നപക്ഷം താൻ പാരീസിനെ ഏഷ്യയിലെ ചക്രവർത്തിയും, അവധിയില്ലാത്ത സമ്പത്തിന്റെ ഏകാധിപതിയുമാക്കിത്തീർക്കാമെന്ന് ഹേര ശപഥം ചെയ്തു. അതുല്യമായ യശസ്സും, സമരവൈദഗ്ദ്ധ്യവും തന്നനുഗ്രഹിക്കാമെന്നായി, അതീനെ. എന്നാൽ അഫ്രോഡെയ്റ്റാകട്ടെ ലോകത്തിലുള്ളവരിൽ ഏറ്റവും സുന്ദരിയായ കമനിയെ അയാൾക്കു പത്നിയാക്കിക്കൊടുക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. പാരീസ് അതിൽ മയങ്ങിപ്പോയി. ഉടൻതന്നെ അയാൾ ആ പൊന്നാപ്പിൾപ്പഴം ആ ദേവിയുടെ കരതലത്തിൽത്തന്നെ സമർപ്പിച്ചു. ഹേരയും അതീനെയും കോപംകൊണ്ടു വിറച്ച് അവിടെനിന്നും മടങ്ങിപ്പോന്നു. അവരുടെ കോപവഹ്നിയാണത്രേ ഒടുവിൽ ട്രോയിയുടെ നാശത്തിനുതന്നെ കാരണമായത്.

അഫ്രോഡെയ്റ്റിന്റെ സംരക്ഷണത്തിൽ പാരീസ് ഗ്രീസിലേക്കു കപ്പൽ കയറി പുറപ്പെട്ടു. സ്പാർട്ടായിലെ രാജാവായ 'മെനെലാസ്' അദ്ദേഹത്തെ സാഘോഷം സ്വീകരിച്ചു കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടു വന്നു. അവിടെയങ്ങനെ താമസിച്ച്, ഒരുദിവസം മെനെലാസിന്റെ പത്നിയും ലോകൈകസുന്ദരിയുമായ ഹെല്ലനെ, സൂത്രത്തിൽ തട്ടിയെടുത്തുകൊണ്ട് പാരീസ് മടങ്ങിപ്പോന്നു. ലോകപ്രസിദ്ധമായ ട്രോജൻയുദ്ധത്തിന്റെ അടിസ്ഥാനം ഈ സൗന്ദര്യറാണിയുടെ അപഹരണമാണ്.

യുദ്ധാവസാനത്തിൽ, 'ഹെരാക്ലെസ്സി'ന്റെ ഒരുഗ്രബാണത്താൽ, ഫിലോക്റ്റെറ്റസ് പാരീസിനെ മുറിപ്പെടുത്തി വീഴ്ത്തി. വ്രണിതാംഗനായ പാരീസ് ഉടൻതന്നെ, ഏറെനാളായി താൻ നിർദ്ദയം വിട്ടുപിരിഞ്ഞ ഈനോണിന്റെ സമീപത്തേക്കു മടങ്ങിപ്പോന്നു. അവൾക്കു മുറിവുകൾ മാറ്റുന്ന മായാവിദ്യ അറിയാമായിരുന്നു. പക്ഷേ, തന്നോടു ചെയ്ത ഘോരാപരാധം അനുസ്മരിച്ചുണ്ടായ വൈരാഗ്യത്താലോ, പിതാവിന്റെ പ്രതിഷേധപ്രകടനത്താലോ എന്തോ, അവൾ സ്വകാന്തന്റെ നിശിതക്ഷതങ്ങളെ നിർമ്മാർജ്ജനം ചെയ്യാനൊരുമ്പെട്ടില്ല. നിരാശനായ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/30&oldid=174562" എന്ന താളിൽനിന്ന് ശേഖരിച്ചത്