Jump to content

താൾ:സുധാംഗദ.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെച്ചിട്ടുള്ള അനേകം കൃതികൾ നിർമ്മിച്ചുവിട്ടിട്ടുണ്ട്. എനിക്കിത് അഭിമാനജനകമാണെങ്കിലും, തങ്ങൾക്കാക്ഷേപകരമായി പരിണമിക്കുവെന്നു കരുതുവാനുള്ള വിവേകം അക്കൂട്ടർക്കില്ലാതെപോകുന്നത് അത്ഭുതമായിരിക്കുന്നു. എന്റെ പല സ്നേഹിതന്മാർ, പലപ്പോഴും ഇതുപറഞ്ഞ് എന്നോടാവലാതിപ്പെട്ടിട്ടുണ്ട്-ഇതാ, ഈ മുഖവുര എഴുതുന്ന ഇന്നുപോലും, ഒരു സ്നേഹിതൻ എന്നോടിതിനെക്കുറിച്ചു സംസാരിക്കുകയുണ്ടായി. പക്ഷേ, ഞാൻ ഇക്കാര്യത്തിൽ എന്തു ചെയ്യുവാനാണ്? 'പീനൽക്കോഡിൽ' ഇതിനൊരു പ്രത്യേക നിയമം ഉണ്ടാകുന്നതുവരെ അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളു. ഉദാഹരണങ്ങൾ എടുത്തുകൊണാണിച്ച് കാര്യമില്ലാതെ ശത്രുക്കളെ വർദ്ധിപ്പിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല.

ചെറുകഥ

ചെറുകഥ, നോവൽ, നാടകം, ഉപന്യാസം മുതലായ ഇതര സാഹിത്യശാഖകളിലും കവികളുടെ ഇതേ രോഗംതന്നെ പകർന്നിട്ടുള്ളതായി കാണാം. ഇന്നത്തെ പത്രമാസികകളിൽ കാണുന്ന ചെറുകഥകളിൽ ഭൂരിഭാഗവും വെറും അനുകരണങ്ങളാണ്; ചിലതെല്ലാം സ്വതന്ത്ര തർജ്ജിമകൾതന്നെയാണ്; എന്നിരുന്നാലും അവയുടെ മുകളിൽ പേർ വച്ചിരിക്കുന്നവർ അക്കാര്യമൊന്നും സൂചിപ്പിച്ചുകാണാറില്ല. ശ്രീമാൻ എസ്. കെ. പൊറ്റെക്കാട്ട് ഈ സംഗതി വിശദപ്പെടുത്തിക്കൊണ്ട് ഒരു ലേഖനം, നവജീവനിലാണെന്നു തോന്നുന്നു, പ്രസിദ്ധപ്പെടുത്തിയിരുന്നത്, ഞാൻ വായിക്കുകയുണ്ടായി.

ശ്രീമാൻ വക്കം എം. അബ്ദുൽക്കാദർ മലയാളത്തിലെ 'നാലു കഥാകൃത്തുകൾ' എന്ന പേരിൽ നവജീവൻ വാരികയിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തിയ ഒരു നീണ്ട ലേഖനം എന്റെ ശ്രദ്ധയെ അത്യന്തം ആകർഷിച്ചിട്ടുള്ള ഒന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ മിക്കതിനോടും ഞാൻ യോജിക്കുന്നു. മലയാളത്തിൽ മറ്റു സാഹിത്യവിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഭാസുരമായ ഒരു വികാസദശയെ പ്രാപിച്ചിട്ടുള്ള സാഹിത്യശാഖ 'ചെറുകഥ'യാണ്.

തകഴി ശിവശങ്കരപിള്ള

ചെറുകഥയിൽ ഉണ്ടായിട്ടുള്ള ഈ നവീനപരിവർത്തനത്തിന് ആദ്യമായി വിത്തുപാകിയത് ശ്രീമാൻ തകഴി ശിവശങ്കരപ്പിള്ളയാണ്. അദ്ദേഹത്തിന്റെ 'വെള്ളപ്പൊക്കത്തിൽ' എന്ന ആദ്യത്തെ ചെറുകഥയുടെ ആവിർഭാവം ചെറുകഥാസാഹിത്യത്തിൽ അഭിനവവും ആകർഷകവുമായ ഒരു സുപ്രഭാവത്തെ വികിരണംചെയ്തു. 'കേസരി' പത്രത്തിൽ അതു വായിച്ച അന്നുതന്നെ എന്റെ പല സഹൃദയസുഹൃത്തുക്കളോടും, ചെറുകഥയുടെ ഇന്നത്തെ വികാസദശയെ ദീർഘദർശനംചെയ്തു ഞാൻ സംസാരിക്കുകയുണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/15&oldid=174545" എന്ന താളിൽനിന്ന് ശേഖരിച്ചത്