താൾ:സുധാംഗദ.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുത്തണിപൊന്മാലകൾ മാറിവീണലഞ്ഞുല-
ഞ്ഞുത്തുംഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ;
അറിയാതതു കണ്ടിട്ടെൻ മിഴികളിൽ, കഷ്ടം
നിറയുന്നല്ലോ ചുടുകണ്ണീരിൻ കണികകൾ!
അമൃതം തുളുമ്പുമപ്പോർമുലക്കുടം, നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ
താമരത്താരൊത്തൊരക്കൈയുകൾ, ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടിത്തൊട്ടിലാട്ടുവാനല്ലേ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭൂവേ, നീ നിരാധാരയാണെന്നോവന്നൂ?..

ഇതിലെ ഏതാനും വരികൾക്ക് ബൈറൺന്റ വരികളോടുള്ള സാദൃശ്യംകണ്ട് 'ആ കൊടുങ്കാറ്റ്' ബൈറൺന്റെ Isles of Greece എന്ന കൃതിയുടെ അനുകരണമാണെന്നു പറഞ്ഞാൽ, അതിൽ വലിയ അർത്ഥമുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ഇങ്ങനെ ഒരൊറ്റഭാഗത്തു മാത്രമേ അവയ്ക്കു തമ്മിൽ എന്തെങ്കിലും അല്പം സാദൃശ്യമുള്ളു. മറ്റെല്ലാറ്റിനും അവ വ്യത്യസ്തങ്ങളായിരിക്കുന്നു. 'മോഹിനി' Porphyria's Lover-ന്റെ അനുകരണമാണെന്നു വാദിക്കുന്നവരിൽ ഇത്രത്തോളം പോലും ന്യായം ഞാൻ കാണുന്നില്ല. ശ്രീമാൻ വൈലോപ്പിള്ളി ശ്രീധരമേനവൻ ബി.എ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടൂത്തിയ അദ്ദേഹത്തിന്റെ ഒരുപന്യാസത്തിൽ എന്റെ മുൻ പ്രസ്താവിച്ച അനുഭവം പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നു.

ഈ രീതിയിൽ ഒന്നോ രണ്ടോ അംശങ്ങളിൽ മാത്രം അസ്പഷ്ടമായി കാണപ്പെടുന്ന ഐക്യരൂപ്യം കൊണ്ട്, മലയാളത്തിലെ ഒരു കൃതി മറ്റൊന്നിന്റെ അനുകരണമായിരിക്കണമെന്നില്ല. അങ്ങനെ നോക്കിയാൽ വ്യക്തിമാഹാത്മ്യം കൊണ്ട് ഇന്ന് അതുല്യമായ സ്ഥാനം സമ്പാദിച്ചിട്ടുള്ള മഹാകവികൾ എല്ലാവരും ആ അഭിമാനശൃംഗത്തിൽനിന്നു കീഴോട്ടിറങ്ങിപ്പോരേണ്ടിവരും. മഹാകവികളായ വള്ളത്തോളും ഉള്ളൂരും പല സംസ്കൃതകവികൾക്കും കടപ്പെട്ടിട്ടുണ്ട്. ആശാന്റ കൃതികളിൽആംഗലേയകവികളിൽ ചിലരുടെ സ്വാധീനശക്തി പ്രത്യക്ഷപ്പെടുന്നതായിക്കാണാം. ശ്രീമാൻ ശങ്കരക്കുറുപ്പിന്റെ ആദ്യകാലത്തെ കൃതികൾ വള്ളത്തോൾ കവിതകളോടും, ആധുനിക കവിതകൾ ടാഗോർകൃതികളോടും എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്ന് നിഷ്കർഷിച്ചു താരതമ്യപഠനം നടത്തുന്ന, വിമർശനബുദ്ധിയുള്ള ഒരു സഹൃദയന് നിഷ്പ്രയാസം കണ്ടുപിടിക്കുവാൻ കഴിയും.

ഇന്നത്തെ ചോരണങ്ങൾ

എന്നാൽ, ഇന്നു സാഹിത്യലോകത്തിൽ അക്ഷന്തവ്യമായ ചോരണം യഥേഷ്ടം നടക്കുന്നുണ്ടെന്നു വ്യസനസമേതം പ്രസ്താവിക്കാതെ നിവൃത്തിയില്ല. ഒരു വരിയല്ല, പത്തു വരിയല്ല, ഒരാശയമല്ല, ഒരു കൃതി

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/13&oldid=174543" എന്ന താളിൽനിന്ന് ശേഖരിച്ചത്