താൾ:സാഹിത്യ നിഘണ്ഡു.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അത്രി -- ഒരു പ്രജാപതിയും മഹർഷിയും. അത്രിസംഹിതയുടെ കർത്താവ്. സ്വായംഭുവമന്വന്തരത്തിലും വൈവസ്വതമന്വന്തരത്തിലും ദക്ഷന്റെ പുത്രിയായ അനസുയ ഭാര്യയായിരുന്നു. അവളിൽ സ്വാംയംഭൂവമന്വന്തരത്തിൽ ദത്തൻ, ദുർവാസസ്സ്, സോമൻ ഇങ്ങനെ മൂന്നു പുത്രന്മാരും പിന്നെത്തേതിൽ അര്യമൻ എന്നൊരു പുത്രനും അമലാ എന്നൊരു പുത്രിയും ഉണ്ടായി. രാമനും സീതയും അത്രിയെ ചിത്രകൂടത്തിനു തെക്കുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നു കണ്ടു. അത്രിമഹർഷി ഒരിക്കൽ ഘോരതപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ കണ്ണിൽനിന്നു ചന്ദ്രൻ ഉണ്ടായി എന്നൊരു കഥയുണ്ട്. അതുകൊണ്ടു ചന്ദ്രന് അത്രിജൻ, അത്രിജാതൻ, അത്രനേത്രപ്രസൂതൻ എന്നും മറ്റും പേരുകളു ണ്ടായി.

അഥ -- പുസ്തകങ്ങളുടെയും മറ്റും ആദ്യം ഉപയോഗിക്കുന്ന പ്രാരംഭദ്യോതകമായ ഒരു വാക്കു. ബ്രഹ്മാവിന്റെ കണ്ഠം ഭേദിച്ചുവന്ന ശബ്ദമാകകൊണ്ടു ശുഭസൂചകമായി വിചാരിക്കപ്പെടുന്നു.

ഓംകാരാശ്ചാധ സബ്ദശ്ച ദ്വാവേതൌ ബ്രഹ്മണഃ പുരാ!
കണ്ഠം ഭിത്വാവി നിര്യാതൗ തേനമാംഗലികാവും ഭൗ!!

അഥർവാവ് -- ഋഗ്വേദത്തിൽ പറയപ്പെട്ടിട്ടുള്ള ഒരു ആചാര്യൻ. ബ്രഹ്മാവിന്റെ വായിൽ നിന്നുൽഭവിച്ച മൂത്തപുത്രനായും, ഒരു പ്രജാപതിയായും അഥർവവേദത്തിന്റെ കർത്താവായും വിചാരിക്കപ്പെട്ടുവരുന്നു. ബ്രഹ്മാവിൽ നിന്നു ബ്രഹ്മവിദ്യ അഭ്യസിച്ചു. സ്വർഗത്തിൽനിന്നു ആദ്യം തീ ഭൂമിയിലേക്കു കൊണ്ടുവന്നു. ശാന്തിയെന്നും ചിത്തിയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു.

അഥർവവേദം -- നാലാം വേദം. ഇതിൽ അനേകം പ്രാർത്ഥനകളും ശത്രുക്കളെ നശിപ്പിക്കേണ്ടുന്ന ആഭിചാരമന്ത്രങ്ങളും അടങ്ങിയിരിക്കുന്നു.

അഥർവാംഗിരസർ -- അഥർവന്റെയും അംഗിരസ്സിന്റെയും സന്തതികൾ

അദന്തൻ -- ആദിത്യന്മാരിൽ ഒരുവനായ പൂഷാവിന്റെ പേരു. ദക്ഷയാഗത്തിൽ വെച്ചു വീരഭദ്രന്റെ അടികൊണ്ടു പല്ലു പോയതുകൊണ്ടു ഈ പേരുണ്ടായി.

അദംഭൻ -- ശിവൻ

അദിതി -- ദേവമാതാവ്. ഋഗ്വേദത്തിൽ ദക്ഷന്റെ മാതാവായും പുത്രിയായും പറഞ്ഞിരിക്കുന്നു. യജുർവേദത്തിൽ വിഷ്ണുവിന്റെ പത്നി, രാമായണത്തിലും ചില പുരാണങ്ങളിലും വിഷ്ണുവിന്റെ മാതാവ്. വിഷ്ണുപുരാണപ്രകാരം ദക്ഷന്റെ പുത്രി. കാശ്യപന്റെ ഭാര്യ. ഇന്ദ്രന്റെയും വാമനാവതാരത്തിൽ വിഷ്ണുവിന്റെയും മാതാവ്. പാലാഴിമഥനത്തിൽ കിട്ടിയ രണ്ടു കുണ്ഡലങ്ങൾ ഇന്ദ്രൻ അദിതിക്കു സമ്മാനിക്കയും നരകാസുരൻ അവയെ മോഷ്ടിച്ചുകൊണ്ടുപോകയും കൃഷ്ണൻ അവനെ കൊന്നു കുണ്ഡലങ്ങൾ തിരികെ വാങ്ങി കൊടുക്കുകയും ചെയ്തു. കൃഷ്ണന്റെ അമ്മയായ ദേവകി അദിതിയുടെ ഒരു അവതാരമാണത്രേ.

അദേയം -- കൊടുത്തുവാൻ പാടില്ലാത്തത്

അന്വാഹിതംയാചിതകമാധിസോധാരണം ചയൽ!
നിക്ഷേപഃപുത്രദാരാശ്ച സർവസ്വംചാന്വയേസതി!!
ആപത്സ്വപിചകഷ്ടാസൂ വർത്തമാനേന ദേഹിനാ!
അദേയാന്യാഹുരാചാര്യാ യച്ചാന്യസ്മൈപ്രതിശ്രുതം
"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/14&oldid=218708" എന്ന താളിൽനിന്ന് ശേഖരിച്ചത്