താൾ:ശതമുഖരാമായണം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4

ശതമുഖരാമായണം


ഘോരമായ്ച്ചെയ്ത തപോബലംകൊണ്ടവൻ
സാരസസംഭവനെപ്രസാദിപ്പിച്ചു -
വേണ്ടുംവരങ്ങൾ വരിച്ചാൻ മഹാഭയം
പൂണ്ടു ജഗദ്വാസികളതുകാരണം.
 കാലകേയാദ്യസുരപ്പടയോടുമ -
ക്കാലമസുരവരപരിസേവിതൻ
ത്രൈലോക്യവും പരിപാലിച്ചു; ദേവക-
ളാലോക്യ ഭീതികലൎന്നോളിച്ചീടിനാർ.
നൂറായിരം യോജനവഴിനീളമു-
ണ്ടേറെയില്ലേതുമേവണ്ണമതിലെടോ!
ചൂടുംകുസുമസമാനമുഡുഗണം;
ചൂടുമവനില്ല ശീതവുമില്ലല്ലോ.
കുണ്ഡലദ്വന്ദ്വസമാനം രവിശശി-
മണ്ഡലദ്വന്ദ്വമവനു മഹാമതേ!
കാശീപുരവാസിനം പരമേശ്വര-
മാശയേ ചിന്തിച്ചുറപ്പിച്ചു പൂജിച്ചു.
തൽ‌പ്രസാദത്താലവന്നമരത്വവു-
മപ്പോളനുഗ്രഹിച്ചു പരമേശ്വരൻ.
നിൎഭയനായവൻ നീളേ നടന്നോരോ
സൽ‌പ്രജാധ്വംസനംചെയ്യുന്നിതിന്നിപ്പോൾ
മായാപുരിയിൽ‌വാഴുന്നിതവൻ മഹാ-
മായാവിതാനവനെന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനംചെയ്തു ഭവാനിനിവൈകാതേ."
 ഇത്ഥമഗസ്ത്യസുഭാഷിതം കേട്ടു കാ-
കുൽസ്ഥനുമുള്ളിൽ വിചാരംതുടങ്ങിനാൻ.
മന്ത്രികളോടുമവരജന്മാരോടും
ചിന്തിച്ചുറച്ചു കല്പിച്ചു രഘൂത്തമൻ.
പിന്നെയും കുംഭോത്ഭവനോടു ചോദിച്ചു
മന്നവൻ മന്ദസ്മിതംചെയ്തു സാദരം.
"ഞാനവനെക്കൊലചെയ്യുന്നതെങ്ങനേ
ദീനദയാനിധെ! തത്വമരുൾചെയ്ക,
ദാനവവീരൻ മഹാബലവാൻ തുലോം;
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ."

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/4&oldid=174388" എന്ന താളിൽനിന്ന് ശേഖരിച്ചത്