റിപ്പോർട്ടർ തന്റെ വർത്തമാനസൂചനകളെ പാകപ്പെടുത്തി ഖണ്ഡലേഖനങ്ങളാക്കി തന്റെ മേലാവിനെ ഏല്പിക്കുന്നു എന്നു വിചാരിക്കുക. മേലാവ്, പത്രങ്ങളുടെ ഉദ്യോഗസ്ഥന്മാരിൽവെച്ച് 'ചീഫ് റിപ്പോർട്ട'രോ; ഉപപത്രാധിപരോ; പ്രധാനപത്രാധിപരോ, ആയിരിക്കാം. മേലാവ് ലേഖനം പരിശോധിച്ച്, അച്ചു നിരത്തുന്നതിലേക്കായി, അച്ചുകൂടത്തിലേയ്ക്കയക്കുന്നു. അവിടെ അത് 'കമ്പോസിറ്റർ'മാർ എന്നു ഇംഗ്ലീഷിൽ പേരു പറയുന്ന 'അച്ചുനിരത്തുകാരൻ'മാരുടെ കൈയിൽ ചെന്നുചേരുന്നു. ഈ നിലയിൽ, ലേഖനത്തിന് ഇംഗ്ലീഷിൽ 'കോപ്പി' എന്നും മലയാളത്തിൽ 'തായേടു' അല്ലെങ്കിൽ 'പകർപ്പ്' എന്നും പേരാകുന്നു. ഏതുതരം ലേഖനമായാലും ശരി; പത്രാധിപപ്രസംഗമോ, പത്രാധിപക്കുറിപ്പോ, പരസ്യമോ, വർത്തമാനക്കുറിപ്പോ, പത്രസംവാദലേഖനമോ ആയിരുന്നോട്ടെ; ഇവയൊക്കെ, അച്ചു നിരത്തുന്നതിന്നു കിട്ടിക്കഴിഞ്ഞാൽ, 'കോപ്പി' ആയി. ഇത്, അച്ചുനിരത്തുകാരൻ തന്റെ പണി നടത്തുന്ന 'കേസ്' എന്ന 'പെട്ടി'യുടെ മീതെ, തന്റെ കണ്ണിനുമുമ്പാകെ, വയ്ക്കുന്നു. 'കേസ്' എന്നത്, അച്ചാണികൾ ഇനംതിരിച്ച് വെച്ചുകൊണ്ടിരിക്കുന്ന വലിയ അറപ്പെട്ടിയാണ്. മലയാളത്തിൽ സാധാരണമായി രണ്ടു പെട്ടികൾ കൂട്ടീട്ട് ഒരു മുഴുപ്പെട്ടി ആകുന്നു; ഇവ ഒന്ന് കീഴത്തെ പെട്ടിയും, മറ്റൊന്ന് മേലത്തെ പെട്ടിയും ആണ്. ഇംഗ്ലീഷിലും ഈ വിധം വിഭാഗം ഉണ്ട്. അച്ചു നിരത്തുമ്പോൾ അധികം ഉപയോഗപ്പെടുന്നതും നിരന്തരം എടുത്തുകൊണ്ടിരിക്കേണ്ടതുമായ അച്ചാണികൾ കീഴത്തെ പെട്ടിയിൽ സൂക്ഷിക്കുന്നു. അപൂർവ്വമായി മാത്രം ആവശ്യപ്പെടുന്ന അച്ചാണികളെ മേലത്തെ പെട്ടിയിൽ സൂക്ഷിക്കുന്നു. മലയാളത്തിൽ കൂട്ടക്ഷരങ്ങൾ ഏറിയകൂറും മേലത്തേതിലാണ്; വള്ളി, പുള്ളി, മീത്തൽ, അകാരാദി സ്വരവ്യഞ്ജനങ്ങൾ മിക്കവയും കീഴത്തേതിലുമാണ്. ഇംഗ്ലീഷിൽ, 'ക്യാപ്പിറ്റൽ' എന്നു പറയുന്ന വലിയ ലിപികളുടെ തന്നെ 'ലാർജ്' (വലിയ) എന്നും, 'സ്മാൾ' (ചെറിയ) എന്നും ഉള്ള ഇനങ്ങളും, അക്കങ്ങൾ മുതലായ പലതും മേലത്തേതിലും; സാധാരണയായി വാക്കുകൾ എഴുതുന്ന 'സ്മാൾ' എന്ന ചെറിയ ലിപികളും വിരാമാദി ചിഹ്നങ്ങളും ചില കൂട്ടക്ഷരങ്ങളും കീഴത്തേതിലും സൂക്ഷിക്കുന്നു. ഈ അച്ചാണികൾ ഇനംതിരിച്ച്, ഓരോ 'അറ'കളിൽ (അല്ലെങ്കിൽ 'കള്ളി'
താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/72
ദൃശ്യരൂപം