താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യത്തിൽ ജാഗരൂകന്മാരാക്കുന്നതിന്? പ്രസംഗകർത്താവു പറയുന്നത്, കൃഷിവിഷയസംബന്ധമായ പുതിയ തത്വങ്ങളിൽ അവർക്കു താല്പര്യം ജനിപ്പിക്കേണമെന്നാണ്. ഒരുവൻ വൃഥാ ഉണർന്നിരിക്കുന്നതും അവന്റെ മനസ്സിന് ഒരു വിഷയത്തിൽ താല്പര്യം വരുത്തുന്നതും തമ്മിൽ വ്യത്യാസപ്പെട്ട ക്രിയകളല്ലയോ? "എന്നു മഹാനായ പ്രസ്തുത പ്രാസംഗികൻ അഭിപ്രായപ്പെട്ടു കാണുന്നത് കൃഷിപരിഷ്കാരവിഷയത്തിൽ ഒരു പ്രധാനപ്പെട്ട സംഗതിയാണിന്നുള്ളതിനു സംശയമില്ല." എന്ന വാക്യത്തിനു വിശേഷമായ അർത്ഥമൊന്നുമില്ല: ഈ പദങ്ങളൊക്കെ, കുറ്റം ചെയ്യാത്തവനെ പിടിച്ചു വിലങ്ങിട്ടു മണ്ണു ചുമപ്പിക്കുന്ന സമ്പ്രദായത്തിൽ, വായനക്കാരന്റെ തലച്ചോറിനെക്കൊണ്ടു മണ്ണു ചുമപ്പിക്കുന്നു എന്നുവേണം പറവാൻ. 'നാട്ടുപുറങ്ങളിൽ പ്രാഥമികകൃഷിപാഠശാലകൾ' സ്ഥാപിക്കണമെന്നല്ലേ പ്രസംഗത്തിൽ പറയുന്നത്; കൃഷിശാസ്ത്രത്തിലെ ആദിമപാഠങ്ങളെ പഠിപ്പിക്കണമെന്നുമല്ല. കൃഷിപ്രവൃത്തി നടത്തുന്നതുസംബന്ധിച്ച മൂലതത്വങ്ങളെ പഠിപ്പിപ്പാൻ ഗ്രാമദേശങ്ങളിൽ വിദ്യാശാലകൾ ഏർപ്പെടുത്തേണമെന്ന് പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം, ഗ്രാമവിദ്യാശാലകളിലെ വിദ്യാർത്ഥികളെ കൃഷിപ്രവൃത്തിയിൽ ശീലിപ്പിക്കണമെന്നാണ്; 'ശാസ്ത്രപാഠങ്ങൾ' ഉരുവിടുന്നതിനു ഗ്രാമദേശങ്ങളിൽ തന്നെവേണം വിദ്യാശാലകൾ സ്ഥാപിപ്പാൻ, എന്നു നിർബന്ധമില്ലല്ലോ. 'തിരുവിതാംകൂറിൽ' എന്നു തുടങ്ങിയ വാക്യങ്ങൾ, ഈ പത്രാധിപക്കുറിപ്പിന്റെ മുഖ്യവിഷയത്തിലാവശ്യപ്പെടാതെ 'മുറിഞ്ഞുതൂങ്ങുന്ന വാലു' പോലെ പിറകിൽ കിടന്നിഴയുന്നു. 'ഈ തരം' എന്നു പറകയാൽ, 'പ്രാഥമിക' ശബ്ദം ആവശ്യമല്ല. 'ധരിപ്പിക്കുക' എന്നതിന്റെ ഉദ്ദേശ്യം 'ബോധിപ്പിച്ചു' എന്നാണെന്നു തോന്നുന്നു. അതിന്നു 'ഉണർത്തി' എന്നോ 'ബോധിപ്പിച്ചു' എന്നോ പറകയാണു ഉചിതം; ഇതായാലേ, സ്വീകരിക്കാതിരുന്നു എന്നതിനു ചേർച്ചയായിരിക്കൂ. 'ധരിപ്പിക്കുക'യ്ക്കു കുറെ അധികം സ്ഥായിത്വം ഉണ്ട്; ഇതു സ്വീകരണത്തിന്റെ അടുക്കലെത്തുകയും ചെയ്യും. വിശേഷിച്ചും ഡയറക്ടർ ധരിപ്പിക്കുകയല്ലാ ചെയ്തത്. 'ശിപാർശ' ചെയ്കയായിരുന്നു. എന്നു അടുത്ത വാക്യത്തിലും പറയുന്നു. സ്വീകരിച്ചു പ്രവർത്തിച്ചിരുന്നു എങ്കിൽ അതു പ്രയോജനകരം