താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വർത്തമാനപംക്തിയിൽ വേണം എഴുതുവാൻ, എന്നും ഓർത്തിരിക്കണം.

പത്രാധിപക്കുറിപ്പുകളെഴുതുന്നവർ ഓർമ്മവെക്കേണ്ടതായ മുഖ്യകാര്യം തങ്ങളുടെ ശബ്ദപ്രളയംകൊണ്ടു വായനക്കാരെ ഉപദ്രവിക്കരുതെന്നതാണ്. ഒരു സംഗതിയെക്കുറിച്ചു പത്രാധിപക്കുറിപ്പെഴുത്തുകാരന്റെ അഭിപ്രായങ്ങളെ വായനക്കാരുടെ ഉള്ളിൽ ഫലിപ്പിക്കാൻ വേണ്ടി മാത്രം ആവശ്യമുള്ള വാക്യങ്ങളേ ഉപയോഗിക്കാവു. ചിലപ്പോൾ, യുക്തിപദങ്ങളെ മാത്രം പ്രതിപാദിച്ചാൽ മതിയാകും; അനുമാനം വായനക്കാർക്കു സുഗമമാണിങ്കിൽ, ആ പ്രവൃത്തി പത്രാധിപക്കുറിപ്പുകാരൻ ചെയ്യേണ്ടതില്ല. ആരോഗ്യവാനായിരിക്കുന്ന ഒരുവനു ചോറും കറിയും വിളമ്പിക്കൊടുത്താൽ മതി, അവർ ഉരുളയാക്കി ഉണ്ടുകൊള്ളും. ഉരുള ഉരുട്ടി അവന്റെ വായ്ക്കുള്ളിൽ തള്ളി അന്നകുല്യയിലേക്കു കുത്തിയിറക്കേണ്ട ആവശ്യമില്ല. ചോറുരുട്ടിത്തള്ളിയാൽ അവന്റെ പല്ലുകൾ ചെയ്യേണ്ടിയിരുന്ന പണി ആമാശയത്താൽ സാധിക്കേണ്ടതായും, പക്ഷേ, ദീപനക്കേടുണ്ടായി അവന്നു ആരോഗ്യം ക്ഷയിക്കുവാൻ ഇടയാക്കിയതായും വന്നേക്കും. ഇതിന്മണ്ണം തന്നെയാണ് പത്രവായനക്കാരനോടും വർത്തിക്കേണ്ടത്. അവന്നു സ്വയം ചിന്തിച്ചു സ്വാഭിപ്രായങ്ങളെ സ്വരൂപിക്കുവാൻ ശക്തിയുള്ളപ്പോൾ, അവന്റെ ശിരസ്സിന്നുള്ളിലേക്കു, പത്രക്കാരൻ സ്വാഭിപ്രായങ്ങളെ കൂട്ടിക്കുഴച്ച് ഓരോ സംഗതികളെ ഉരുള ഉരുട്ടിത്തള്ളുവാൻ ധൃഷ്ടനാകരുത്. ആലോചനയ്ക്കു ആഹാരമായ സംഗതികളെ പാകപ്പെടുത്തി വിളമ്പേണ്ട കൃത്യമേ പത്രക്കാനൻ ചെയ്യേണ്ടൂ; അവയെ അലോചിച്ച് അഭിപ്രായങ്ങൾ സ്വരൂപിച്ച് തന്റെ മനസ്സിൽ അംഗികരിക്കുവാൻ വായക്കാരന്നു കഴിയുമെങ്കിൽ ആ പ്രവൃത്തി അവൻ നടത്തിക്കൊള്ളും. അവന്നു ചോറു ദഹിക്കുന്നതിലേക്ക് ഉമിനീരിളക്കുവാനും സ്വാദു തോന്നിക്കുവാനും ഷഡ്‌രസങ്ങൾ ചേർന്ന കറികൾ വിളമ്പിക്കൊടുക്കുംപോലെ, അഭിപ്രായങ്ങളെ സ്വരൂപിക്കുന്നതിലേക്കു സഹായമായി പത്രക്കാരൻ അല്പസ്വല്പം ചില വിമർശങ്ങൾ ചെയ്തുകൊള്ളാം, തരക്കേടില്ല. എന്നാൽ, പത്രക്കാരൻ, ഒരിക്കലും, യാതൊരു സംഗതിയെപ്പറ്റിയും, വായനക്കാർക്കുവേണ്ടി,