താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷാപ്പുകാരെയും മറ്റുമാണ്, കാരണം എന്താണെന്ന് സാററിഞ്ഞുവോ? മിസ്റ്റർ വായുവിന്റെ ശക്തി തടുക്കുന്നതിനായി നിന്ന തെങ്ങുകളെയെല്ലാം ഉന്മൂലനാശം ചെയ്തില്ലേ? പിന്നെ അദ്ദേഹത്തിന്റെ ഇഷ്ടം പോലെ തുള്ളരുതെ? കാളെജു കെട്ടിടങ്ങളുടെ പഴയ ഓടുകൾ താൻ കുറെ അധികം പുതുതാക്കിച്ചു. മഴയും ഒട്ടും കുറവല്ല."

('കേരളതാരക'--1911 ജൂൺ 30-നു)


"അമ്പലപ്പുഴ.

"മഴയുടെ ഉപദ്രവത്താൽ വളരെ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. തണുപ്പോ അസഹനീയമായിരിക്കുന്നു. ഇപ്പോഴും വെള്ളം പൊങ്ങിവരുന്നതു പാത്രത്തിൽനിന്നും അടുപ്പിൽ എന്ന സമ്പ്രദായത്തിലാണ് കലാശിക്കുന്നത്.........."

('മലയാളി'--1911 ജൂലൈ 26-നു)


ഇക്കാണിച്ചവയിൽ, ഒന്നാമത്തേതു, തൽക്കർത്താവിനു സംസ്കൃതപദപ്രയോഗത്തിങ്കൽ 'മോഹം' ഉണ്ടായിട്ട് പദാർത്ഥജ്ഞാനം ഇല്ലാതെ, വാചകപുഷ്ടിക്കുവേണ്ടി സംസ്കൃതപദങ്ങൾ നിറച്ച് പണ്ഡിതമാനിതയെ കാണിച്ചിരിക്കുന്ന ലേഖനമാണ്. രണ്ടാമത്തേതിൽ, തൽക്കർത്താവു ഫലിതമായി എഴുതുന്നു എന്നു ഭ്രമിച്ച്, ചില ഗോഷ്ടികൾ കാണിച്ചിരിക്കുന്നു. മൂന്നാമത്തേതിൽ, ഇംഗ്ലീഷിലെ ഒരു പഴമൊഴിയെ മലയാളത്തിൽ തർജ്ജമ ചെയ്ത്, വാചകഭംഗിക്കു ഉതകുമെന്നു വിചാരിച്ച്, അസംബന്ധമായ വിധത്തിൽ പ്രയോഗിച്ചിരിക്കുന്നു; ഇതിന്റെ അർത്ഥം വായനക്കാർക്ക് സുഗ്രഹവുമല്ല. 'സാറെ', പത്രാധപച്ചേട്ടാ', 'അനിയ', ഹേഹേപത്രാധിപർസ്സാറേ, 'ഓഹോ പൊന്നുചേട്ടാ', 'കേട്ടില്ലേസാറെ', 'എന്താണെന്നല്ലെ സാറെ', എന്നിങ്ങനെയുള്ള 'പായ്യാര'വാക്കുകളെ ചേർത്ത് വർത്തമാനക്കുറിപ്പുകൾ രചിക്കുന്നതും, അവയെ അതേവിധം പ്രസിദ്ധീകരിക്കുന്നതും, പത്രത്തിൽ സാഹിത്യരസികതയെ പോഷിപ്പിക്കുന്നതായിരിക്കയില്ല; സാഹിത്യദൂഷകമായിരിക്കും താനും.