താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രമേണ സർക്കാർ കാര്യങ്ങളിൽ കടന്നുകൂടാം. ഇങ്ങനെ പലമാതിരി പ്രകൃതിക്കാരോടും പെരുമാറേണ്ട സമ്പ്രദായങ്ങളൊക്കെ ശീലിച്ചവനായിരിക്കുന്ന പക്ഷം, റിപ്പോർട്ടർക്ക് തന്റെ പ്രവൃത്തിയിൽ വിജയം ലഭിക്കുവാൻ പ്രയാസമില്ല. ഇതിലേക്ക് സാമർത്ഥ്യമില്ലാത്തവനെക്കൊണ്ട്, വർത്തമാനങ്ങൾ ശേഖരിപ്പാൻ കൊള്ളുകയില്ല; വെറും സ്വനഗ്രാഹിയന്ത്രത്തിന്നൊപ്പം, സഭായോഗങ്ങളിലെ പ്രസംഗങ്ങൾ തുടങ്ങിയ നടപടികളെ പ്രതിഫലിപ്പിക്കാനേ കൊള്ളൂ. ഏതുവിധത്തിലായാലും, വർത്തമാനക്കുറിപ്പുകൾക്കുള്ള 'വക'കൾ ശേഖരിക്കുമ്പോൾ, കാര്യസാരത്തിൽ കടന്നു ചെല്ലുവാനുള്ള സാമർത്ഥ്യം റിപ്പോട്ടർക്കു പഴമപരിചയത്താൽ സിദ്ധിക്കേണ്ടതാണ്. അതു ഗ്രഹിപ്പാൻ കഴിയാതെ, സ്വകാര്യതല്പരന്മാരായ ആളുകളുടെ കുടുക്കിൽ പെടുവാനിടവരുന്നതു ആശംസ്യമല്ല. ജനശ്രുതികളെ നിശ്ചയഗർഭമായ വിധത്തിൽ പ്രസ്താവിക്കുകയോ; നിശ്ചയമായ സംഗതികളെ ജനശ്രുതിയായി പറകയോ ചെയ്യുന്നതു യുക്തമല്ലതാനും. ചിലപ്പോൾ സംശയഗ്രസ്തമായ സംഗതികളെ കേൾവികളായി പ്രസ്താവിക്കുന്നതും തീരെ അവിഹിതമായ സമ്പ്രദായമാണ്. "രാമമേനോൻ മരിച്ചുപോയതായി കേൾക്കുന്നു"-എന്നൊരു വാർത്ത വാസ്തവാനുരോധേന ഉള്ളതായിരുന്നാൽ, 'കേൾക്കുന്നു'വിന്നു ആവശ്യമില്ല; സംശയഗ്രസ്തമാണെങ്കിൽ ഇത്ര ഗൗരവപ്പെട്ട ഒരു സംഗതിയെ സംശയനിവാരണം വരുത്തിയതിനുമേൽ പ്രസ്താവിച്ചാൽമതിയാകും. അല്ലാതെ ആ വാർത്തയുടെ വാസ്തവാവസ്ഥയെ ഭാഗ്യപരിക്ഷയ്ക്കു അധീനപ്പെടുത്തുന്നതു ഒരിക്കലും യുക്തമല്ല; ന്യായവുമല്ല.

വൃത്താന്തഖണ്ഡികകൾ അല്ലെങ്കിൽ, വർത്തമാനക്കുറിപ്പുകൾ എഴുതുന്നതിലേക്കുള്ള വകകൾ ശേഖരിച്ചുകഴിഞ്ഞാൽ പിന്നീടു ചെയ്യേണ്ടത്, വർത്തമാനത്തെ ഒരു ഉചിതമായ രൂപത്തിൽ പ്രതിബിംബിക്കുകയാണ്. സംഗതികളൊക്കെ, നടന്നക്രമത്തിൽ വിവരിക്കണം. പറയേണ്ടതൊക്കെ അന്യൂനമായി വെളിപ്പെടുത്തുവാൻ കഴിയുന്ന വാക്യങ്ങൾ ഉപയോഗിക്കണം. വാക്യങ്ങളൊക്കെ സംക്ഷിപ്തസാരമായും രമണീയമായും ഇരിക്കണം. ഖണ്ഡികയ്ക്കു ചേർന്നതായ ഒരു തലവാചകവും ഉപയോഗിക്കണം. ഈ തലവാചകം വരിയുടെ നടുവിലല്ലാ നാട്ടേണ്ടത്; വരിയുടെ