പരിശോധിപ്പാനും, അവ മറ്റു പത്രങ്ങളോടു കിടനിൽക്കുകയില്ലെങ്കിൽ അവർക്കു റിപ്പോർട്ടരുടെ സാമർത്ഥ്യത്തെക്കുറിച്ച് അഭിമാനം കുറവാനും ഇടയാകുന്നതാകുന്നു.
ഖണ്ഡലേഖനങ്ങൾ എഴുതുന്നതിലേക്ക് ആവശ്യമായുള്ളത് അതിൽ അടക്കേണ്ടതായ 'വക'കൾ ആകുന്നു. ഈ 'വക'കൾ എവിടെനിന്നാണ് ലഭിക്കുക? പത്രക്കാരൻ തന്റെ മനോരാജ്യത്തിൽ സൃഷ്ടിച്ചു വിടുന്നവയാണോ? അവൻ എങ്ങനെയാണ് എല്ലാ സംഗതികളെയും അറിയുന്നത്? പത്രറിപ്പോർട്ടർമാർ സർവ്വജ്ഞന്മാരും സർവ്വസാക്ഷികളും ആകുന്നുവെന്ന് ചിലർക്കു തോന്നിപ്പോയേക്കാം. വാസ്തവം അങ്ങനെയല്ല. പത്രത്തിൽ പ്രസ്താവിക്കുന്ന വാർത്തകൾ എല്ലാം റിപ്പോർട്ടർ സ്വന്തം കണ്ണാലേ കണ്ടവ ആയിരിക്കയില്ല; പലേ സംഗതികളിലും അവന്നു അറിവു കിട്ടുന്നതു അന്യന്മാർ വഴിയായിട്ടാണ്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന അറിവുകളെ ഉപയോഗപ്പെടുത്തുന്നതിൽ അവൻ നല്ല മുൻകരുതൽ വെച്ചുകൊണ്ടിരുന്നാൽ, എല്ലാ വാർത്തകളും അവൻതന്നെ കണ്ണാലെ കണ്ട് കഥിച്ചതുപോല വിചാരിക്കാം. ഒരു സംഗതിയെപ്പറ്റി റിപ്പോർട്ടർക്കു അനുഭവത്താൽ അറിവില്ലെങ്കിൽ, അതു കണ്ടിട്ടുള്ളവനെയോ, അതു സംബന്ധമായ വാസ്തവവിവരങ്ങൾ കൈവശമുള്ളവനെയോ തിരഞ്ഞുപിടിച്ച്, ആ വഴിക്കു വേണ്ട വിവരങ്ങളൊക്കെ ഗ്രഹിപ്പാൻ സാധിക്കുന്നതാണ്. അതതു സംഗതിയുടെ സാരഭാഗത്തെ ഗ്രഹിപ്പാൻ തക്ക സാമർത്ഥ്യം അവന്നുണ്ടായിരിക്കണം; അന്യന്മാരിൽനിന്നു ലഭിക്കുന്ന അറിവുകളിൽ അനാവശ്യമായ പലതും കലർന്നിരിക്കാം; ഇവയെ തള്ളിക്കളയാനും വേണ്ടതുമാത്രം ഏടുപ്പാനും, പക്ഷപാതം കൂടാതെയിരിപ്പാനും അവൻ ശ്രദ്ധവെച്ചുകൊണ്ടാൽ, തന്റെ വർത്തമാനക്കുറിപ്പുകളെപ്പറ്റി പത്രാധിപർക്കോ വായനക്കാർക്കോ വെറുപ്പു തോന്നാൻ കാരണമുണ്ടായിരിക്കയില്ല. ഖണ്ഡലേഖനങ്ങൾക്കു വകകൾ സംഭരിപ്പാൻ, റിപ്പോർട്ടർക്ക്, സർക്കാർ ജീവനക്കാരുമായി നിശ്ചയമായും പരിചയമുണ്ടായിരിക്കണം. പോലീസ് ജീവനക്കാരുമായി വിശേഷിച്ചും ഇടപഴകണം. പൊതുവിൽ സംബന്ധിക്കുന്ന കാര്യങ്ങൾ ആരുടെയൊക്കെ പക്കൽനിന്ന് അറിയാൻ കഴിയുമോ, അവരെയൊക്കെ ദിവസംതോറും കണ്ട് പ്രശ്നം ചെയ്യണം. പൊലീസ് സ്റ്റേഷൻ, മജിസ്ട്രേറ്റ്