Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഖണ്ഡങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു വൃത്താന്തപത്രത്തോളം, തദ്ദേശവായനക്കാരെ സംതൃപ്തിപ്പെടുത്തുന്നതിന്നും, മറ്റൊരുതരം പത്രത്തിനും ശക്തിയില്ലാ. സരസം, സാരവത്ത് എന്ന വിശേഷണങ്ങൾ; ചില പത്രങ്ങളിലെ റിപോർട്ടർമാർ സഭായോഗനടപടികളെപ്പറ്റി എഴുതുമ്പോൾ ഓരോരോ പ്രസംഗങ്ങളെക്കുറിച്ച് ചെയ്യുമാറുള്ള വെറും വിശേഷണങ്ങളെപ്പോലെ, വിചാരിച്ചുപോകരുത്. ആ വർത്തമാനക്കുറിപ്പുകൾ, വാസ്തവത്തിൽ സരസവും, സാരവത്തും ആയിരിക്കണം. വർത്തമാനങ്ങൾ എന്തൊക്കെയാവാം? ബഹുജനങ്ങൾക്കു വിനോദമോ വിജ്ഞാനമോ നൽകുന്നതായ ഏതൊരു വർത്തമാനവും സത്യാനുരോധേനയും സഭ്യമര്യാദയെ അനുസരിച്ചും പ്രതിവാദിക്കാവുന്നതാണ്. ആൾ തിങ്ങിനടക്കുന്ന ഒരു തെരുവിൽ ഒരു കാളയോ കുതിരയോ വിരണ്ടോടിയതാകട്ടെ, ഒരു പുരയ്ക്കു തീ കത്തിയതാകട്ടെ, ഒരു ആകസ്മികമരണമുണ്ടായതാകട്ടെ, ഒരു നാടകമോ പന്തുകളിയോ നടന്നതാകട്ടെ, ഒരുവനു ഒരു പ്രശംസാപത്രം ലഭിച്ചതാകട്ടെ-ഇങ്ങനെ പല സംഗതികളും വർത്തമാനക്കുറിപ്പുകൾക്കു വിഷയമാകാം. ഇവയെ എഴുതി ഫലിപ്പിക്കുന്നതു റിപ്പോർട്ടരുടെ സാമർത്ഥ്യത്തെ ആശ്രയിച്ചിരിക്കും. ഒരു പ്രദേശത്തു ഒന്നിലധികം പത്രങ്ങൾ ഉണ്ടായിരുന്നാൽ, ഇവതമ്മിൽ വർത്തമാനങ്ങൾ പ്രതിപാദിക്കുന്ന വിഷയത്തിൽ എപ്പോഴും മത്സരമുണ്ടായി എന്നു വരാം. മറ്റു കാര്യങ്ങളിൽ സാധാരണ ഉണ്ടായിരിക്കാവുന്ന മത്സരം റിപ്പോർട്ടരുടെ ശ്രദ്ധയെ അത്രത്തോളം അർഹിക്കുന്നില്ല. പത്രവായനക്കാർ പത്രം വിടുർത്താൽ ആദ്യമായി കൗതുകത്തോടെ നോക്കുന്ന 'സ്വദേശവാർത്ത' പംക്തി കുറുകിയിരുന്നാൽ അതൃപ്തിയും; എത്രയും നീണ്ടിരിക്കന്നതായി കണ്ടാൽ അനല്പമായ സന്തോഷവും ഉണ്ടാകാറുണ്ട്. ഈ സ്ഥിതിക്കു, റിപ്പോർട്ടർമാർ സ്വന്തം പത്രത്തിന്റെ അഭ്യുദയത്തിലും സ്വന്തം അഭിവൃദ്ധിയിങ്കലും താല്പര്യമുള്ളവരാണെന്നിരിക്കിൽ, അവർക്കു വർത്തമാനങ്ങൾ ശേഖരിച്ച് വായനക്കരെ ആകർഷിക്കാൻ തക്ക രീതിയിൽ എഴുതി ഫലിപ്പിക്കുന്നതിനു എത്ര വളരെ ശ്രദ്ധവെച്ചാലും അതു അധികമായിപ്പോയി എന്നു ആക്ഷേപം വരുകയില്ല. മത്സരമുള്ളപ്പോൾ പത്രാധിപന്മാർ റിപ്പോർട്ടറുടെ വർത്തമാനക്കുറിപ്പുകളെ എത്രയോ സൂക്ഷ്മമായും നിഷ്കർഷമായും