Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേസ് അവിടെ എത്തുംമുമ്പുതന്നെ, പോലീസുകാരുടെ വക്കലായിരുന്നാൽ, അതു സംബന്ധിച്ച രേഖകൾ നോക്കി സാരഭാഗങ്ങൾ കുറിച്ചുകൊള്ളണം. പോലീസുകാർ ഒരു സംഭവത്തെപ്പറ്റി എഴുതുന്ന 'മഹസ്സർ' ആ കേസിന്റെ പ്രാരംഭത്തിലുള്ള വിവരങ്ങളെ അടക്കിയിരിക്കും. ഇതിൽ നിന്ന്, സംഭവം നടന്ന സ്ഥലം, തീയതി, മണിക്കൂറ്, അതിൽപ്പെട്ടിരിക്കുന്ന ആളുകൾ-എന്നിങ്ങനെ പല വിവരങ്ങളും ലഭിക്കും. ഇതിലേക്ക് റിപ്പോർട്ടർ, പോലീസുദ്യോഗസ്ഥന്മാരുടെ പരിചയം സമ്പാദിച്ചിരിക്കേണ്ടതാവശ്യമാണ്. കോടതിയിൽ, കേസ് വിചാരണക്കെടുക്കുന്നതിനും കുറെ മുമ്പായി എത്തിയിരിക്കേണ്ടതും, അന്നത്തെ കേസുകളിൽ മുഖ്യമായവ എന്തൊക്കെയെന്ന് അന്വേഷിച്ചറിഞ്ഞ്, അവയിൽ ലഭിക്കാവുന്നിടത്തോളം വിവരങ്ങൾ മുൻകൂട്ടി ചോദിച്ചു കുറിച്ചുകൊള്ളേണ്ടതും ആവശ്യമാണ്. മുൻകൂട്ടി കിട്ടാൻ സാധിക്കാത്ത പേരുകൾ മുതലായവ, കോടതിപ്പണിക്കാർ ഉറക്കെ വിളിച്ചുപറയുമ്പോൾ, കുറിച്ചുകൊള്ളാവുന്നതാണ്; അതിൽ വല്ല സംശയവും ഉണ്ടായാൽ പോലീസുദ്യോഗസ്ഥന്മാരോടോ, കോടതിയിലെ മറ്റു ജീവനക്കാരോടോ ചോദിച്ചറിഞ്ഞു തിരുത്തികൊള്ളേണ്ടതാകുന്നു.

കോടതിമുമ്പാകെ സങ്കടം ബോധിപ്പിച്ചിരിക്കുന്നവൻ അന്യായഭാഗം ആണെന്നും; ആരെപ്പറ്റി സങ്കടം പറഞ്ഞിരിക്കുന്നുവോ അയാൾ പ്രതിഭാഗം ആണെന്നും അറിഞ്ഞിരിക്കണം. അന്യായഭാഗം നടത്തുന്നത് പല സംഗതികളിലും പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെയായിരിക്കും. അപ്പോൾ അവരെ 'പ്രോസിക്യൂട്ടർമാർ' എന്നു പറയും; സങ്കടക്കാരനെ അന്യായഭാഗം സാക്ഷിയായി ഗണിക്കുന്നു. പ്രതിഭാഗക്കാരൻ, ചില കേസുകളിൽ വെറും പ്രതിയായിരിക്കയില്ല; വാറണ്ടിന്മേൽ പിടിച്ച് ബന്തവസ്സിൽ വെച്ചിരിക്കുന്ന പ്രതിയെ 'പുള്ളി' എന്നു വിളിക്കുന്നു. വെറും സമൻസ് അനുസരിച്ചു ചെല്ലുന്നവനെ പ്രതി എന്നുമാത്രം പറയുന്നു. ഇവരെയും സാക്ഷികളെയും തിരിച്ചറിയണം. വെറും പ്രതിയെ പുള്ളി എന്നോ നേരെമറിച്ചോ തെറ്റിപ്പറയരുത്. കേസിലെ അന്യായസാരം മുൻകൂട്ടി അറിയാൻ കഴിയും: അന്യായഹർജിയുടെ പകർപ്പുനോക്കിയാൽ സാരം കുറിച്ചെടുക്കാം. അന്യായഭാഗം തെളിവു