താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടുത്തിരിക്കെ, ഈ തൊഴിലിൽ പ്രത്യേകം അഭിരുചി ഉണ്ടാകയാൽ കടന്നുകൂടിയിരിക്കാം. ആകയാൽ, പത്രക്കാരനാവാൻ കാംക്ഷിക്കുന്ന ചെറുപ്പക്കാർക്ക് ഈ തൊഴിലിൽ കടക്കുന്നതിനു രണ്ടുമൂന്നു മാർഗ്ഗങ്ങൾ ഉണ്ട്. പത്രക്കാരന്റെ തൊഴിലിലേക്കുതന്നെ ശീലിപ്പിക്കണം എന്ന വ്യവസ്ഥയോടുകൂടി, പത്രകാര്യാലയത്തിൽ ഒരു താണതരം ഗുമസ്താവായോ, മറ്റോ, പണിയിൽ പ്രവേശിക്കുക അതല്ലെങ്കിൽ, മറ്റുപണിയിലിരിക്കെ തന്നെ, ചില അടിയന്തിര സമയങ്ങളിൽ പത്രങ്ങളിലേക്ക് വൃത്താന്താഖ്യാനം എന്ന ജോലി കൈയേറ്റ് ആ വഴിക്ക് തൊഴിൽ ശീലിക്കുക. അതുമല്ലെങ്കിൽ, പത്രം അച്ചടിക്കുന്ന അച്ചടിശാലയിൽ അച്ചുനിരത്തു പണിയിലോ, പ്രൂഫ് തിരുത്തുപണിയിലോ, പ്രവേശിച്ച്, ആ വഴിക്ക് ലേഖനങ്ങൾ വായിച്ച് അവയുടെ സമ്പ്രദായങ്ങളെ മനസ്സിലാക്കീട്ട്, കാലക്രമത്തിൽ, റിപ്പോർട്ടരായിട്ടോ മറ്റോ പണി മാറുക. ഇപ്രകാരമൊരുപ്രകാരത്തിൽ, പത്രത്തൊഴിലിന്റെ ചുവട്ടിൽ എത്തി ഒന്നാംപടി കയറിയാൽ, പിന്നെ, സ്വന്തം പ്രയത്നവും സാമർഥ്യവും അവനെ മുകൾപ്പടികളിലേക്കു കൈപിടിച്ചു കയറ്റിക്കൊള്ളുന്നതാണ്. ഇതിലേക്കായി അവൻ അന്വേഷിച്ചു പോകേണ്ട പത്രകാര്യാലയം ഏതായിരിക്കേണം എന്നാണ് ചോദ്യമെങ്കിൽ; അത് തൊഴിൽ മനസ്സിലാക്കാൻ അധികം സൗകര്യമുള്ള പത്രങ്ങളുടെതായിരിക്കണമെന്ന് മറുപടി പറയാം. പ്രതിദിനപത്രങ്ങളോ, ഒന്നരാടൻ ദിവസങ്ങളിൽ പുറപ്പെടുന്നവയോ, പ്രത്യർദ്ധവാരപത്രങ്ങളോ അതിലേക്കു സൗകര്യപ്പെടുകയില്ല; ഒന്നാംതരമായി നടത്തിവരുന്ന പ്രതിവാരപത്രമാണ് ഏറെ ഉത്തമം. വല്ല പ്രതിവാരപത്രവുമായിരുന്നാൽ പോരാ, നല്ല പത്രമായിരിക്കതന്നെ വേണം. തൊഴിലിന്റെ തത്വങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു നല്ല പത്രക്കാരൻ നടത്തുന്നതല്ലെങ്കിൽ, ആ പത്രംകൊണ്ട് തൊഴിൽ ശീലിപ്പാൻ പ്രയോജനപ്പെടുകയില്ല. ഇങ്ങനെയൊരു പത്രകാര്യാലയത്തിൽ പണി കിട്ടുന്നതിന്, വേണ്ടിവന്നാൽ, അപേക്ഷ പരസ്യപ്പെടുത്തുകയും ചെയ്യാവുന്നതാണ്.