താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രപ്രവൃത്തിയിൽ വിജയം ഉണ്ടാവാൻ ഇങ്ങനെ ചില യോഗ്യഗുണങ്ങളുണ്ടായിരിക്കേണ്ടതു ആവശ്യം തന്നെയാണ്. എന്നാൽ ഇത്തരം ഗുണങ്ങളിലൊക്കെ മുഖ്യമായിരിക്കേണ്ട വിശേഷസംഗതികൾ മൂന്നുണ്ട്: ഒന്ന്, ഔചിത്യമനുസരിച്ചു പ്രവൃത്തിക്കുക; മറ്റൊന്നു, താഴ്മയായിരിക്കുക; മൂന്നാമതു, കഴിയുംവണ്ണം ഉത്സാഹിച്ചു പണിയെടുക്കുക. ഇവയാകുന്നു. പത്രക്കാരൻ തന്റെ ജോലിയിൽ കൂറുള്ളവനായിരിക്കണം; അതിൽ അഭിമാനവും വേണം. അവന്റെ പണി എത്രതന്നെ താണതോ നികൃഷ്ടമോ ആയിരിക്കട്ടെ; അതിൽ അവന്നു എത്രമേൽ തൃപ്തികരമായി പണിയെടുക്കാമോ അത്രമേൽ സന്തോഷത്തോടുകൂടെ വേല ചെയ്യണം. പത്രക്കാരനൊപ്പം, ബഹുമാനങ്ങളുടെ നന്ദനത്തേയും നിന്ദനത്തേയും എളുപ്പം അർഹിക്കുന്നവനായി മറ്റൊരു തൊഴിൽക്കാരനും ഇല്ല. അവനെ അവർ എല്ലാ സമയവും ഉറ്റുനോക്കിയിരിക്കയാകുന്നു. നല്ല പണിക്ക് അവരുടെ അഭിനന്ദനം ലഭിക്കുന്നതു എത്ര ശീഘ്രമോ, അത്ര വേഗത്തിൽ, ചീത്തപണിക്കു ആക്ഷേപവും ഉണ്ടാകും. കാലപ്രവാഹത്തിനൊപ്പം എത്തുവാൻ ആഗ്രഹവും മനസ്സും ഇല്ലാത്തവൻ പത്രത്തൊഴിലിൽ കടക്കുകയേ അരുത്.

യോഗ്യതകൾ തികഞ്ഞിട്ടുള്ള പക്ഷത്തിൽ, പത്രത്തൊഴിലിൽ കടക്കുവാൻ ഉദ്ദേശമുള്ള ഒരു ചെറുപ്പക്കാരൻ എവിടെയാണ് ആ തൊഴിലിന്റെ സമ്പ്രദായതത്വങ്ങൾ ഗ്രഹിപ്പാൻ പോകേണ്ടത്? ഏതെങ്കിലുമൊരു പാഠശാലയിൽ ചെന്നു ഈ വക തത്വങ്ങൾ ഗ്രഹിക്കാൻ കഴിയുമോ? പത്രപ്രവർത്തനത്തൊഴിൽ ശീലിപ്പിക്കാൻ എത്ര പ്രത്യേക പാഠശാലകൾ ഉണ്ടായാലും, ഉത്തമമായ പാഠശാല പത്രകാര്യാലയം തന്നെയാണ്. ഒരു പത്രകാര്യാലയത്തിൽ ഏതു പ്രകാരത്തിലെങ്കിലും ഒരു പണിക്കു കടന്നുകൂടീട്ട് ഈ തൊഴിൽ ശീലിക്കുമ്പോലെ. നന്നാവാൻ വഴി വേറെ ഇല്ല. പ്രഖ്യാതന്മാരായ പലേ പത്രക്കാരും ഇങ്ങനെ പണി ശീലിച്ച് ഉയർന്നവരാണ്. ചിലർ ചുരുക്കെഴുത്തു സമ്പ്രദായം ശീലിച്ചിരിക്കകൊണ്ടു മാത്രം പത്രത്തൊഴിലിൽ കടന്നുകൂടിയവരായിരിക്കാം; മറ്റുചിലർ ഗുമസ്തപ്പണിയിൽ കടന്നവരാവാം; വേറെ ചിലർ അച്ചുകൂടത്തിൽ അച്ചുനിരത്തു, പ്രൂഫ് തിരുത്തൽ എന്നിവയിലൊരു പണി