താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അവർ പത്രക്കാരനെ പാട്ടിൽവയ്ക്കും; ഏറിവന്നാൽ, കൈക്കൂലിയും കൊടുക്കും. ഉടമസ്ഥൻ ഇതിൽ അടിമപ്പെട്ടാൽ അയാളുടെ പത്രംകൊണ്ട് എന്താണ് പൊതുജനോപകാരം? അയാൾ ബഹുജനങ്ങൾ അറിയേണ്ടിയ വർത്തമാനങ്ങളെ മറച്ചുവയ്ക്കുക നിമിത്തം അവരെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? ഇതിലുമപ്പുറം, അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ, രാജ്യകാര്യപ്രസക്തന്റെയോ സേവയ്ക്കു നിന്ന് വാസ്തവത്തിനു വിരുദ്ധമായ പ്രകാരം പ്രസ്താവിച്ചാലുള്ള വഞ്ചന എത്രയോ വലുതാണ്. ഇനി മറ്റൊരു ദൂഷ്യമുണ്ട്: പത്ര-ഉടമസ്ഥൻ, "ക്ലബ്" എന്നു പറയുന്ന വിനോദവിശ്രമ സംഘങ്ങളിൽ അംഗമായിചേർന്ന് ആ വഴിക്കും ദൂഷിതനാവാൻ ഇടയുണ്ട്. പത്രത്തിന്റെ ശക്തി എത്രയേറെയോ, അത്രയേറെ ഊക്കോടു കൂടിയായിരിക്കും പത്രത്തിൽ പറയുന്ന ആക്ഷേപങ്ങൾ ഓരോരുത്തരുടെമേൽ തറയ്ക്കുന്നത്. ഇത്തരം അനുഭവം ഒഴിച്ചുവെപ്പാൻ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പത്ര-ഉടമസ്ഥന്റെ ഇഷ്ടം സമ്പാദിക്കുന്നതിന് ക്ലബിൽ കൂടുകയും, ഉടമസ്ഥനെ വശീകരിക്കുകയും ചെയ്യും. ഉടമസ്ഥൻ ഈ കെണിയിൽ കുടുങ്ങാതിരിക്കണം; അതിലേക്ക് ഉത്തമമായ ഉപായം സംഘത്തിൽ അംഗമായി ചേരാതിരിക്കുകതന്നെയാണ്. പത്രക്കാരൻ വെടിയേണ്ട മറ്റൊരു കാര്യമുണ്ട്: പണക്കച്ചവടക്കാരായും, റബ്ബർക്കമ്പനി മുതലായ കൂട്ടുവ്യാപാരക്കാരായും, നേരിട്ടോ, മറ്റു പ്രകാരത്തിലോ, യാതൊരുസഖ്യവും അരുത്; അത്തരം വ്യാപാരങ്ങളിൽ ചേർന്നുനടക്കയുമരുത്.

ഇവയൊക്കെ നടപ്പില്ലാത്ത നിബന്ധനകളാണെന്ന് ചിലർക്കു തോന്നിയേക്കാം; സാധിപ്പാനും പ്രയാസമാവാം. എങ്കിലും തൊഴിലിന്റെ പവിത്രതയെ പാലിപ്പാൻ അത്യന്താപേക്ഷിതമായ ഇക്കാര്യത്തിൽ പത്രക്കാരന് എന്തുതന്നെ കഷ്ടപ്പാടുകൾ നേരിട്ടാലും, അവന് പൊതുജനക്ഷേമത്തെക്കരുതി പ്രവർത്തിച്ചു എന്ന് കൃതാർത്ഥനാകുവാൻ അവകാശമുണ്ട്. അവന്റെ പുരുഷാർത്ഥങ്ങൾ സത്യം, ന്യായം, നീതി എന്ന ധർമ്മത്രയം ആയിരിക്കും; ഇതിങ്കൽ അവന്ന് ഈശ്വരസഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസം ധർമ്മഭക്തിയെ വർദ്ധിപ്പിച്ച് ധൈര്യം നൽകുന്നതും; അവന് ക്ലേശപാശ ബന്ധത്തിൽ നിന്ന് മോക്ഷം സിദ്ധിക്കുന്നതുമാകുന്നു.