താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പത്രക്കാരനെ തങ്ങളുടെ പ്രതിനിധിയായി കരുതി വിശ്വസിക്കുന്നു; പത്രക്കാരൻ അവരുടെ വിശ്വാസത്തെ ലംഘിക്കാതെ നടത്തേണ്ടതിന്നു കടമപ്പെട്ടിരിക്കുന്നു. അവൻ, പണാദായത്തെ കൊതിച്ച്, ജനഹിതത്തിനു വിപരീതമായി ജനദ്രോഹികളായവരോടു ചേർന്ന്, കൈക്കൂലി മേടിച്ച് ജനവഞ്ചന ചെയ്യുമ്പോൾ, പത്രധർമ്മത്തിന്നും ജനങ്ങൾക്കും ലോകക്ഷേമത്തിന്നും ദ്രോഹം ചെയ്യുന്നവനായിത്തീരുന്നു. പണമോഹത്താൽ ദുരാത്മാക്കളുടെ വലയിൽ കുടുങ്ങി, പൊതുജനവിശ്വാസഘാതം ചെയ്ത്, ജനങ്ങളാൽ നിന്ദിക്കപ്പെട്ടിട്ട്, ഒടുവിൽ ദുഃഖിക്കാൻ സംഗതിവന്നിട്ടുള്ള ഒന്നിലധികം പത്രക്കാരുടെ കഥ മലയാളികളായ പത്രവായനക്കാർ അറിഞ്ഞിരിപ്പാൻ ഇടയുണ്ട്. ഇത്തരക്കാർ പത്രത്തിന്റെ മഹത്തായ പദവിയെ കളങ്കപ്പെടുത്തുകയും, ലോകത്തിൽ അധർമ്മത്തിന്നും അധർമ്മികൾക്കും വളരുവാൻ സൗകര്യമുണ്ടാക്കിക്കൊടുക്കുയും ചെയ്യുന്നവരാണ്. പൊതുജനങ്ങളുടെ അഭിപ്രായത്തിന്നും ഹിതത്തിന്നും വിരോധമായി നടക്കാതിരിക്കാനാണ് പത്രപ്രവർത്തകൻമാർ ശ്രദ്ധ വയ്ക്കേണ്ടത്.

പത്രസ്വാമിയായ ഉടമസ്ഥന്റെ നില എന്തായിരിക്കണം. അയാളും പത്രാധിപരും തമ്മിൽ ഏതുവിധം പെരുമാറണം? പത്രാധിപർ ഉടമസ്ഥരുടെ ആജ്ഞകളെ ശിരസാവഹിച്ചു നടത്തേണ്ടവൻ മാത്രമോ? പത്രത്തിൽ പ്രതിബിംബിപ്പിക്കേണ്ടത് പത്രാധിപരുടെ അഭിപ്രായമോ, ഉടമസ്ഥരുടേതോ? പത്രാധിപർ എപ്പോഴും പൊതുജനങ്ങളുടെ ഹിതത്തിന്നായി കരുതിപ്രവർത്തിക്കേണ്ടവനാണ്. പൊതുജനങ്ങൾക്ക് ഇന്നതു ദോഷമെന്നും ഇന്നതു ഗുണമെന്നും അവർക്കഭിപ്രായമുണ്ടെങ്കിൽ അതിനെ പ്രതിഫലിപ്പിക്കേണ്ടതത്രേ പത്രാധിപരുടെ കടമ; ഈ സംഗതിയിൽ ഉടമസ്ഥന് എങ്ങനെയോ അഭിപ്രായമുണ്ടായിരുന്നോട്ടെ; അയാളുടെ അഭിപ്രായം ഗണ്യമല്ലെങ്കിൽ തള്ളിക്കളയണം. എന്നാൽ, പത്രാധിപരുടെ ആഗ്രഹം പൊതുജനഹിതത്തിനും പൊതുജനാഭിപ്രായത്തിനും പ്രതികൂലമായിരുന്നാലോ, അയാൾ സ്വേച്ഛാചാരിയായി തന്റെ ഇഷ്ടം നടത്തരുത്. അങ്ങനെ നടത്തിയാൽ, വായനക്കാർക്ക് പത്രത്തിന്റെ പേരിൽ അതൃപ്തി തോന്നുവാനും പത്രത്തിന് ഇടിച്ചലുണ്ടാവാനും സംഗതിയാവും. ആകയാൽ, പത്രാധിപർ