ഗ്രഹിപ്പിയ്ക്കാനും, അതുവഴി അവന്നു ആ ഉപന്യാസം മുഴുവൻ വായിപ്പാൻ താത്പര്യമുണ്ടാക്കുവാനും കഴിയും, എന്നുള്ളതാകുന്നു.
ഒരു പത്രത്തിന്റെ മുഖപ്രസംഗമെന്നല്ല, ഏതൊരു ഉപന്യാസവും അതിലെ പ്രാരംഭഘട്ടംകൊണ്ടു വായനക്കാരന്റെ മനസ്സിനെ ഹഠാൽ ആകർഷിപ്പാൻ തക്കവണ്ണം ഒന്നാമത്തെ വാക്യം സാരംകൊണ്ടും ഊർജ്ജസ്വലതകൊണ്ടും മെച്ചമായിരിക്കണം; ഇതിലേക്കാണു ഉപന്യാസകർത്താക്കന്മാർ പ്രത്യേകം ഉത്സാഹിക്കേണ്ടത്. ഒരു ഉപന്യാസമെന്നത് സാഹിത്യമഹാർണ്ണവത്തിൽ ഇറക്കിവിടുന്ന ഒരു ഓടമാണെന്നു വിചാരിക്കാം. ഓടം പണിചെയ്താൽപിന്നെ, കരയിൽനിന്നു ഇറക്കിവിടുവാൻ വൈഷമ്യം കുറെയൊന്നുമല്ല. വേലിയേറ്റമിറക്കങ്ങൾ നോക്കി, തിരയുടെ തരംപോലെ ഉന്തിത്തള്ളി വെള്ളത്തിലിറക്കിക്കഴിഞ്ഞാൽ, തിര തിരിച്ചടിച്ച് കരയ്ക്കു കയറ്റീട്ടില്ലെങ്കിൽ, ഓടം ദുർഘടം കൂടാതെ ഓടിക്കൊള്ളും. ഒരു വിഷയത്തെക്കുറിച്ചു പറയേണ്ട അഭിപ്രായങ്ങൾ മനസ്സിൽവെച്ചു സ്വരൂപിച്ച് അവയെ സാഹിത്യക്കടലിൽ പ്രവേശിപ്പിക്കുന്നതിനു കരയ്ക്കുനിന്നു ഇറക്കിവിടുന്ന പ്രാരംഭഘട്ടം സുഗമമായിരുന്നാൽ, ഉപന്യാസം മറുഭാഗങ്ങളിൽ സുഖമായി സഞ്ചരിച്ചുകൊള്ളും. ഇതിലേക്കു, സാഹിത്യരസജ്ഞന്മാർ ഉപന്യാസത്തെ തിരിച്ചടിച്ച് കരയ്ക്കു കയറ്റി പൊളിച്ചുവിടാതിരിക്കാൻതക്കവണ്ണം, തരംനോക്കിയെഴുതിക്കൊണ്ടാൽ മതി. ഉപന്യാസത്തിലെ ആരംഭത്തിലുള്ള രണ്ടുമൂന്നു വാക്യങ്ങൾകൊണ്ടു വായനക്കാരുടെ മനസ്സിനെ ആകർഷിക്കാമെങ്കിൽ, മറ്റു ഭാഗങ്ങൾ മുറയ്ക്കു നടന്നുകൊള്ളും. മുഖ്യമായി വേണ്ടതു, ഉപന്യാസം തുടങ്ങുമ്പോൾതന്നെ പ്രതിപാദ്യവിഷയത്തിൽ നേരേ കടക്കുക, വാങ്മുഖം ഉപേക്ഷിക്കുക, പ്രതിപാദ്യമായ കാര്യമെന്തെന്നും സ്ഥാപിപ്പാൻ പോകുന്ന അഭിപ്രായമെന്തെന്നുകൂടിയും ഒന്നാം വാക്യംകൊണ്ടുതന്നെ വായനക്കാരനു മനസ്സിലാകുക-ഇത്രയുമാകുന്നു എന്നു ചുരുക്കിപ്പറയാം.
ഒരു വിഷയത്തെക്കുറിച്ചു പ്രസംഗിപ്പാൻ വിചാരിക്കുമ്പോൾ താൻ പറയാൻപോകുന്ന അഭിപ്രായങ്ങൾ ഏറെക്കുറെ മറ്റു പലർക്കും ഉള്ളതായും, അവർ പറഞ്ഞുകഴിഞ്ഞതായും, കാണും. ഇതിൽ ക്ലേശിപ്പാനെന്തുള്ളു? അഞ്ചും