താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേരുകൾക്കുകൂടി മാറ്റം വന്നുപോയേക്കാം, ഇതുകൾ നോക്കി പിഴ പോക്കണം. ലേഖനങ്ങളിൽ സാഹിത്യസംബന്ധമായ ഭംഗിയോ ശുദ്ധിയോ പോരാതെയിരുന്നാൽ, അതും ശരിപ്പെടുത്താൻ കഴിയും. ഇങ്ങനെ നിരന്തരം മേൽനോട്ടം വെച്ചുകൊണ്ടിരുന്നാൽ, പത്രം തീരെ നിർദ്ദോഷമാക്കാൻ സാധിക്കുന്നതാണ്.

പ്രതിദിനപത്രങ്ങളിൽ പത്രാധിപർക്കു എല്ലാറ്റിന്റെയും മേൽനോട്ടമാണു മുഖ്യമായ പണി എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. മുഖപ്രസംഗങ്ങൾ എഴുതുവാൻ പ്രത്യേകം വിദ്വാന്മാരുണ്ടായിരിക്കും; ഇവർ പലേ സ്ഥലങ്ങളിൽ പാർക്കുന്നവരായിരിക്കാം. പത്രാധിപരുടെ വേല ഈ പ്രസംഗങ്ങളെ തന്റെ പത്രത്തിന്നു നിശ്ചയിച്ചിട്ടുള്ള നയമനുസരിച്ചു ശോധനചെയ്തു ശരിപ്പെടുത്തി പ്രസിദ്ധപ്പെടുത്തിക്കയാണ്. ഒരക്ഷരംകൂടെ എഴുതിക്കൊടുക്കാതെ കഴിക്കാം. എന്നാൽ പ്രതിവാര പത്രങ്ങൾക്കു ഇങ്ങിനെ മുഖപ്രസംഗമെഴുത്തുകാരെ വേറെ നിശ്ചയിച്ചുംകൊണ്ട് പത്രാധിപർ എന്നൊരു സ്വരൂപത്തെ, പണിയൊന്നുമില്ലാതെ, വെച്ചുംകൊണ്ടിരിപ്പാൻ സാധിക്കയില്ല. ഇവയ്ക്കു മുഖപ്രസംഗങ്ങൾ എഴുതുന്നത് മിക്കവാറും പത്രാധിപർതന്നെയാണ്. മുഖപ്രസംഗങ്ങൾ മാത്രമല്ലാ, ഉപപ്രസംഗങ്ങൾ, പത്രാധിപക്കുറിപ്പുകൾ, ലോകവാർത്തകൾ, മുതലായ പലതും പത്രാധിപർതന്നെ എഴുതേണ്ടിയിരിക്കും. രാജ്യകാര്യങ്ങളിൽ യാതൊരു കക്ഷിയുടേയും പ്രാതിനിധ്യം വഹിക്കാത്തതായ പത്രമായിരുന്നാൽ, അതിന്നു മുഖപ്രസംഗങ്ങൾ നാനാവിഷയങ്ങളിൽ ആകാം. എന്നാൽ രാജ്യഭരണകാര്യങ്ങളിൽ ഒരു കക്ഷിയെ പിൻതാങ്ങുന്ന പത്രമായിരുന്നാൽ, അതിലെ മുഖപ്രസംഗങ്ങൾ രാജ്യകാര്യ വിഷയമായിട്ടുതന്നെയിരിക്കുകയാണ് നടപ്പ്. ഇതിൽവെച്ചു ചില ദോഷങ്ങൾ ഇല്ലായ്കയുമില്ല. സമുദായ കാര്യങ്ങൾ വ്യവസായ കാര്യങ്ങൾ എന്നിങ്ങിനെ നാനാവിഷയങ്ങളെ ഇടയ്ക്കിടയ്ക്കു പ്രതിപാദിച്ചുകൊണ്ടിരിക്കുന്നതാകയാൽ, വായനക്കാർക്കു രാജ്യകാര്യപ്രസംഗങ്ങൾ വായിപ്പാൻ അധികം രുചി തോന്നുന്നതാണ് എന്നൊരു വലുതായ ഗുണമുണ്ട്.

മുഖപ്രസംഗം ഏതു വിധത്തിലയിരിക്കും? ഇതിലേക്കു നിഷ്കൃഷ്ടമായ നിബന്ധനകൾ പറവാൻ