താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കോപമോടലറി ഖരൻ‌മുമ്പിലവൾ വീഴും
ദൂഷണത്രിശിരാക്കളാൽ യുദ്ധവും തുടങ്ങും

മൂന്നേമുക്കാൽനാഴികയാൽ രാമനങ്ങവരെ
കാലാപുരംതന്നിലങ്ങു യാത്രയുമയയ്ക്കും

രാക്ഷസിഗമിച്ചുടനെ രാവണനെക്കാണും
വാൎത്തയങ്ങവളുടനേ രാവണങ്കൽ ചൊല്ലും

രാമനതു ചെയ്തിതെന്നു രാവണനും കേൾക്കും
രാവണനുടനേ ചെന്നു മാരീചനെക്കാണും

ചെന്നുടനേ പൊന്മാനായ്ക്കളിക്കവേണമെന്നു
എന്നതിനേ കേട്ടവനും വേഗമോടേതന്നെ

പൊൻനിറം കലർന്നതൊരു പൊന്മാനായിത്തീൎന്നു
സീതമുമ്പിൽചെന്നു വിളയാടുമേ മാരീചൻ

മാനിനേയുംകണ്ടു സീത രാമനോടുചൊല്ലും
മാനിനെപ്പിടിച്ചുതരവേണമേയെനിക്കു

മാൻപിടിപ്പാൻ രാമനങ്ങുപോകുമെടിയമ്മെ
ഭിക്ഷുരൂപനായിട്ടപ്പോൾ രാവണനുമെത്തും

അന്നു സീതേക്കട്ടുകൊണ്ടുപോകുമെടിയമ്മെ
പോകുംവഴിതന്നിലൊരു പക്ഷിയും തടുക്കും

പക്ഷിയോടു യുദ്ധംചെയ്തു പക്ഷംവെട്ടിപ്പോടും
പിന്നെയങ്ങവളെക്കൊണ്ടു ലങ്കയിലിരുത്തും.

രാമനാൎത്തിപൂണ്ടുടനേ തമ്പിയോടുകൂടി
കാനനത്തിൽകേറിനീളെ നോക്കുമെടിയമ്മെ