താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭക്തനാം ജടായുതന്നെ വാൎത്തയെല്ലാം ചൊല്ലും
പുണ്യനായ പക്ഷിക്കങ്ങു മോക്ഷവും കൊടുക്കും

അൎക്കസൂതനും മലമേല്പേടിയോടിരിക്കും
സുഗ്രീവനെക്കണ്ടുടനെ സഖ്യവുംകഴിക്കും.

ദുന്ദുഭിതലയെടുത്തങ്ങംബരേയെറിയും
ഏഴുമരംചേൎത്തു പിളൎന്നീടുമെടി രാമൻ

വീരനായ ബാലിയേയും കൊല്ലുമെടിയമ്മെ
ഇളയവനാടുകൊടുത്തീടുമെടി രാമൻ

വായുപുത്രൻവാരിധി കടന്നുചാടിച്ചെന്നു
ജാനകിയെക്കണ്ടുടനെ വാൎത്തയുംപറഞ്ഞു

അംഗുലീയവുംകൊടുത്തു ചൂഡാരത്നംവാങ്ങി
ലങ്കചുട്ടവൻ കടലുംചാടിയിങ്ങു പോരും

ചൂഡാരത്നം കൊണ്ടുവന്നു രാഘവനു നല്കും
വാനരരും ഒത്തുടൻ നിരൂപണം തുടങ്ങും.

വാരിധിയിൽ വഞ്ചിറയും കെട്ടുമെടിയമ്മെ
രാവണനെക്കൊല്കയെന്നു ദേവകളും ചൊല്ലും

അക്കരയ്ക്കു ചെന്നുടനെ രാവണനെക്കൊല്ലും
ഇഷ്ടനാം വിഭീഷണനു രാജ്യവും കൊടുക്കും

തരുണിമണിയായ സീത തീയിലുടൻ ചാടും
ശുദ്ധിയുംവരുത്തിയങ്ങയോദ്ധ്യയിങ്കൽ വാഴും

അന്നെനിക്കു നല്ലതൊരു ചേലതരവേണം
ചേലക്കോണിൽ നാലുപണം കെട്ടിത്തരവേണം