ആയിഷേ , നിൻപദം പൂജിക്കുവാൻ നിന-
ക്കായുരന്ത്യംവരേക്കുണ്ടൊരാരാധകൻ !
ജീവിതസിദ്ധികളൊക്കെ നിൻ ചെന്തളിർ-
ച്ചേവടിച്ചോട്ടിൽവെച്ചർച്ചനചെയ്യുവാൻ
ആശിച്ചു ഹാ, നിന്നനുമതിക്കായ് മന-
ക്ലേശം സഹിച്ചും മരുവുകയാണവൻ.
ഇത്രനാൾ നിന്നെത്തപസ്സുചെയ്തിട്ടുമെ-
ന്തപ്രാപ്യയായ് നിന്നകന്നു മാറുന്നു നീ ?
പൂമണിമേടയിലാളിയോടൊത്തു നീ-
യോമനസ്വപ്നങ്ങൾ കണ്ടന്നുറങ്ങവേ ,
ജാതരൂപോജ്ജ്വലമക്കുളിർമേനിയിൽ
ജാതോന്മദം സുഖനിദ്ര ചെയ്തങ്ങനെ
കാലപാശംപോലെ ചുറ്റിപ്പിണഞ്ഞൊര-
ക്കാളസർപ്പത്തിനെക്കണ്ടു വിഭ്രാന്തനായ് ,
ജീവനെപ്പോലും പണയപ്പെടുത്തി നിൻ
ജീവരക്ഷയ്ക്കന്നൊരുങ്ങിയോനാണവൻ
ഒറ്റനിമേഷം കഴിഞ്ഞെങ്കിൽ നിൻ ജഡം
പട്ടടച്ചാമ്പലായ്ത്തീർന്നേനെ നിഷ്ഫലം !
കഷ്ടമെന്നിട്ടും യഥാർത്ഥമറിഞ്ഞിടാ-
തൊട്ടല്ല , ഭർത്സിച്ചിതപ്പുണ്യവാനേ നീ !
എന്തും സഹിക്കാൻ , നിനക്കുവേണ്ടി സ്വയ-
മെന്തും സഹിക്കാ,നൊരുങ്ങിയക്കാമുകൻ !
ആർത്തിരമ്പീടും ജലപ്രവാഹത്തിൽ നീ-
യാർത്തയായ് താണുമറഞ്ഞൊരാ വേളയിൽ ,
ആത്തവേഗം ചാടി നീന്തിത്തുടിച്ചുവ-
ന്നാർദ്രനവൻ നിന്നെ രക്ഷിച്ചു പിന്നെയും !
മറ്റാർക്കും കാണും മനോഹരി,നിന്നൊടീ-
മട്ടിലൊരുജ്ജ്വലാനർഘരാഗോദയം ?
കഷ്ടം, പ്രതിഫലമെന്താണിവയ്ക്കൊരു
പട്ടുപോൽ നേർത്ത സഹോദരസൌഹൃദം
അർപ്പണംചെയ്തു നിൻ പ്രേമാർദ്രമാനസ-
മപ്രാപ്യനാമപരന്നു നീ നിർദ്ദയം.
നീയറിയുന്നോ നിയതമൊരാത്മാവു
നീറി നീറിക്കൊണ്ടിരിക്കുന്ന വാസ്തവം ?
ഇപ്രേമവിഹ്വലനുൾക്കാമ്പിലേന്തുന്നു
തപ്തമാമേതോ വിഷാദാഗ്നിപർവ്വതം.
ഒന്നിച്ചു ബാല്യംമുതല്ക്കൊരേ മേടയിൽ-
ത്തന്നെ ജനിച്ചു കളിച്ചു വളർന്നവർ
താൾ:മൗനഗാനം.djvu/19
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു