താൾ:മൗനഗാനം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈത്തിരി

നമിപ്പു നിന്നെ ഞാൻ പ്രപഞ്ചമേ, കുറ്റം
ക്ഷമിക്ക ഞാനൊരു ക്ഷണികജീവിതം.
എനിക്കുമുണ്ടല്പം പറഞ്ഞുപോകുവാൻ
തനിച്ചുനില്ക്കുമിത്തരുക്കളോടെല്ലാം.
പറക പാവനി, പവിത്രേ, നന്ദിനീ
മറഞ്ഞുപോമെന്നെ മറക്കില്ലല്ലി നീ ?
ചലദലാകുലവിലസിതേ നിന്നെ-
പ്പല നാമത്തിലും പറഞ്ഞുകേൾപ്പു ഞാൻ.
ഫലരഹിതമാം നെടുവീർപ്പു വിട്ടു
തല കുനിച്ചു നീ തളർന്നു നില്ക്കയോ ?
ഉലകം കാണുവാനുദിച്ചുയർന്നൊരെൻ
ഗളനാളം വേണമിരുളിനിക്ഷണം.
അലയാഴിക്കെന്നുമലറി വാണിടാം
അലകൾക്കെപ്പൊഴും മദിച്ചു തുള്ളിടാം
അരുവിക്കുപോലുമലഞ്ഞു പാടിടാ-
മരുതു കൈത്തിരിക്കനങ്ങുവാൻപോലും !
ഇതോ ജഗത്തിതിൻ നിസർഗ്ഗരീതി-ഞാൻ
കൊതിച്ചതെന്തിനി പ്രപഞ്ചജീവിതം ?
ഇലയിളകിലുമിടറുന്നൂ മനം
ചലന്മരുത്തെന്നെച്ചതിച്ചുവെങ്കിലോ !
കനകരശ്മികൾ പൊഴിക്കുവാൻ കൊതി-
ച്ചനല്പമോദമാർന്നവതരിച്ചു ഞാൻ.
സുരപഥത്തിൽനിന്നുലകിലെമ്പാടും
നിറകതിർവീശും മണിത്താരങ്ങളേ !
എനിക്കു നേരിട്ടോരവശത നോക്കി-
യിനിയുമെന്തിനു ഹസിപ്പു ഹാ ! നിങ്ങൾ ?
ഒരുവനുമെന്നെ സ്തുതിച്ചിടേണ്ട ഞാ-
നൊരു ചെറുതിരി, വെറും പടുതിരി !
തിരക്കിടേണ്ടെന്നെത്തിമിരമേ, നിന്റെ,
തിരുമുമ്പിലെത്തിയടിഞ്ഞുകൊള്ളാം ഞാൻ.
ഒരിക്കലെങ്കിലും മറക്കാനാകാത്ത
ചരിത്രമൊന്നുമേ കുറിച്ചിടായ്കയാൽ ,
മറന്നുപോയേക്കാം നിഹതയാമെന്നെ
മഹിമയാളുമീ വസുമതീദേവി.
തൃണഗണങ്ങളേ, സഖികളേ, നിങ്ങൾ
വിനയപൂർണ്ണയാമിവളെയെങ്ങാനും
ഒരു നിമിഷമോർത്തൊരു കണ്ണീർക്കണം
ധരയിൽ വീഴ്ത്തുകിൽ കൃതാർത്ഥയാണു ഞാൻ !

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/15&oldid=174153" എന്ന താളിൽനിന്ന് ശേഖരിച്ചത്