താൾ:മൗനഗാനം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആ വസന്തം


വസന്താഗമമന്നൊരു നൂതന-
ജീവൻ വസുധയ്ക്കണച്ചിരുന്നു.
ആ നറും സൌവർണ്ണകാലമെനിക്കുമൊ-
ട്ടാനന്ദദായകമായിരുന്നു.

പൂന്തെന്നൽ പുല്കുന്ന, പൂവല്ലിയാടുന്ന
പൂന്തോപ്പിനുള്ളിലെപ്പൂൽത്തറയിൽ
കുങ്കുമക്കൂടു കുറുക്കിയും, കണ്ണഞ്ചും
കങ്കേളിപ്പൂക്കളാൽ മാല കോർത്തും,
താമരക്കുമ്പിൽ ചമച്ചതിൽ ശീതള-
ശ്യാമമാം തണ്ണീർ നിറച്ചെടുത്തും,
നൽച്ചന്ദനത്തിരി കത്തിച്ചു സൌരഭം
നിച്ചിലും ചാർത്തിയലങ്കരിച്ചും,
അന്നു കൊണ്ടാടിനോരാ വസന്തോത്സവം
കണ്ണും കരളും കവർന്നിരുന്നു.

അന്നതിലൊക്കെയും പൊന്നൊളിപൂശിയോ-
രെന്നാത്മനാഥൻ-നൃപകുമാരൻ
ഇന്നി വന്നീടുന്നോരുത്സവം കാണുവാ-
നെന്നു വന്നെത്തുമെന്നാരറിഞ്ഞു ?

വല്ലിക്കുടിലിൽപ്പോയ് നോക്കി വിലാസിനി
മല്ലികാമഞ്ജരിയൊന്നുമില്ല.
ചെങ്കതിർ ചിന്നിത്തിളങ്ങുമൊരു പുതു-
കങ്കേളിപ്പൂങ്കുലമാത്രം കാൺമൂ.
അപ്പുഷ്പസന്ദേശം ദ്യോതിപ്പിച്ചീടുന്നു
തൽപ്രിയൻ തന്റെ ചരമവൃത്തം !
ഘോരാഹവത്തിൽ മൃതനായ് കുമാരകൻ
നാരിപ്പൂൺപയ്യോ നിലംപതിപ്പൂ !

കൺതുറന്നാളവൾ-എന്തെന്തു വിസ്മയം !
ഹന്ത, താൻ കാണുവതാരെ മുന്നിൽ ?
ആഹവംതന്നിൽ മരിച്ച കുമാരകൻ
സ്നേഹാർദ്രനായടുത്തുല്ലസിപ്പു.
തന്നുത്തമാംഗം മടിയിലെടുത്തുവെ-
ച്ചുണ്മയിലാമന്ദമാശ്ലേഷിപ്പു.
ചൊന്നാൾ "കുമാര, കുറച്ചു കടന്നുപോ-
യിന്നവിടത്തെ വിനോദമെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/10&oldid=174148" എന്ന താളിൽനിന്ന് ശേഖരിച്ചത്