താൾ:മയൂഖമാല.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്തു ഫലം ?

(ഒരു ഇംഗ്ലീഷ് കവിത-ഷെല്ലി)

നീലൊരിച്ചോലകൾ ചെന്നു ചേർന്നിടുന്നു തടിനിയിൽ
ചാരുതരംഗിണികൾ ചെന്നംബുധിയോടും;
ഒരു മധുരവികാരതരളതയാർന്നു വിണ്ണിൽ
മരുത്തുകളെന്നെന്നേക്കുമൊരുമിക്കുന്നു;
മന്നിലെങ്ങുമൊറ്റതിരിഞ്ഞൊന്നുമില്ല നിന്നീടുന്ന-
തെന്നാ,ലെല്ലാമൊരു ദിവ്യനിയമംമൂലം
ചെന്നുചേർന്നു ലയിക്കയാണൊരാത്മാവി,ലെന്തുകൊണ്ടു
പിന്നെ, നിന്നിലൊന്നെനിക്കും ലയിച്ചുകൂടാ ?

കാണുകതാ ദൂരെയോരോ ഗിരിനിര നീലവിണ്ണിൻ
ചേണണിപ്പൂങ്കവിൾക്കൂമ്പിലുമ്മവയ്ക്കുന്നു;
തിറമൊടു തമ്മിൽത്തമ്മിൽത്തെരുതെരെത്തിരമാല
മുറുകെക്കെട്ടിപ്പിടിച്ചു മുകർന്നീടുന്നു;
തന്നിടാവതല്ല മാപ്പു പെൺമലരൊന്നിനു,മതു
തന്നിണത്തീരനെത്തീരെ നിരസിച്ചെങ്കിൽ;
ദിനനാഥകിരണങ്ങൾ തഴുകുന്നു വസുധയെ-
പ്പനിമതി പയോധിയെച്ചുംബനംചെയ്‌വൂ;
-ഗുണമെന്താണിവയുടെ മധുരമാം തൊഴിലിനാൽ
പ്രണയമേ, നീയെന്നെയും പുണർന്നിടായ്കിൽ?-

-----ഏപ്രിൽ 1933


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/19&oldid=174109" എന്ന താളിൽനിന്ന് ശേഖരിച്ചത്