താൾ:മയൂഖമാല.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്താവന


യിരത്തിഒരുനൂറ്റിയെട്ടാമാണ്ടു മകരമാസത്തിൽ , ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാർഷികയോഗത്തിൽ ഒരു പ്രസംഗത്തിനു ക്ഷണിക്കുവാനായി അതിന്റെ അന്നത്തെ കാര്യദർശിയായിരുന്ന എനിക്ക് എന്റെ വന്ദ്യഗുരുവായ ശ്രീമാൻ ജി.ശങ്കരക്കുറുപ്പിന്റെ ഭവനത്തിൽ ചെല്ലുവാനും, അദ്ദേഹത്തിന്റെ മാധുര്യം നിറഞ്ഞ ആതിഥ്യം സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹത്തിന്റെ വായനമുറിയിൽ മേശപ്പുറത്തു കിടന്ന An Anthology of World Poetry എന്ന ഉത്തമഗ്രന്ഥം യാദൃച്ഛികമായി എന്റെ കണ്ണിൽപ്പെട്ടു. എറണാകുളം ഹൈസ്കൂളിൽ അഞ്ചാം ഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയായ എനിക്ക് അന്ന് അതിലെ ഉത്കൃഷ്ടകാവ്യങ്ങൾ വായിച്ചു ശരിക്ക് ആശയം ഗ്രഹിക്കുവാനുള്ള ശക്തി അത്ര അധികമായിട്ടൊന്നുമുണ്ടായിരുന്നില്ലെങ്കിലും, ആ ഗ്രന്ഥം പ്രതിനിധീകരിച്ചിരുന്ന സാഹിത്യങ്ങളുടെ വൈവിദ്ധ്യം എന്നെ എന്തെന്നില്ലാതെ ആകർഷിച്ചു. പരിചയത്തിന്റെ പരിമിതിയിൽനിന്നും സഞ്ജാതമായ സങ്കോചത്തെ കവച്ചുവെച്ച്, ആ ഗ്രന്ഥം വായിക്കുവാനുള്ള എന്റെ അമിതമായ അഭിലാഷം ഒടുവിൽ അർത്ഥനാരൂപത്തിൽ ബഹിർഗമിക്കുകയും വിശാലഹൃദയനായ അദ്ദേഹം പിറ്റേദിവസം അവിടെനിന്നു ഞാൻ പോന്ന അവസരത്തിൽ അതെനിക്കു സദയം തന്നയയ്ക്കുകയും ചെയ്തു.

ഏതാണ്ടൊരു വർഷം കഴിഞ്ഞേ ഞാൻ പ്രസ്തുത ഗ്രന്ഥം അദ്ദേഹത്തിനു തിരിച്ചു കൊടുക്കുകയുണ്ടായുള്ളു. ആ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ അതിൽനിന്നും നൂറ്റമ്പതിൽപരം പദ്യങ്ങൾ അനുകരണരൂപത്തിൽ ഞാൻ മലയാളത്തിലേക്കു പകർത്തി. അതിനുമുമ്പു തന്നെ ഇംഗ്ലീഷിലുള്ള പല ലഘുകൃതികളും ഞാൻ വിവർത്തനം ചെയ്തു സൂക്ഷിച്ചിരുന്നു. അവയിലെ ആദ്യകാലത്തെ ഏതാനും കൃതികളാണ് ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.-കൃതികൾ എന്നതിനേക്കാൾ എന്റെ കൗമാരത്തിലെ വികൃതികൾ എന്ന് ഇവയെ വിളിക്കുന്നതായിരിക്കും കൂടുതൽ ശരി.

എറണാകുളത്ത് മഹാരാജകീയകലാശാലയിൽ ചേർന്നതിനോടുകൂടി ഗ്രന്ഥങ്ങൾ കിട്ടുവാൻ എനിക്കു തീരെ ക്ലേശിക്കേണ്ടിവന്നില്ല. മാത്രമല്ല, പ്രൊഫസർ പി.ശങ്കരൻനമ്പ്യാർ എം.എ, എൽ.വി.രാമസ്വാമിഅയ്യർ എം.എ., ബി.എൽ തുടങ്ങിയ എന്റെ വന്ദ്യഗുരുഭൂതന്മാർ

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/1&oldid=174099" എന്ന താളിൽനിന്ന് ശേഖരിച്ചത്