താൾ:ഭാസ്ക്കരമേനോൻ.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
59


"അല്ല. മെല്ലെ കടന്നുവന്നു സ്വകാര്യമായിട്ടാണു എന്നോടു ചോദിച്ചതു്" എന്നു്, തന്റെ ചോദ്യത്തിന്റെ അഭിപ്രായം അറിഞ്ഞിട്ടെന്നപോലെ, മറുവടിയിൽ ഒരു കൈകൂടി ശിഷ്യൻ കടത്തിവച്ചതിൽ ഭാസ്കരമേനവനു സന്തോഷമാണു് ഉണ്ടായതു്.

ശിഷ്യവർഗ്ഗത്തിൽ അസാധാരണമായ ഈ പടുത്വം അഭ്യാസബലംകൊണ്ടും യജമാനന്റെ ശിക്ഷാസാമർത്ഥ്യംകൊണ്ടും ലഭിച്ചിട്ടുള്ളതാകയാൽ അതിന്റെ മെച്ചം മുഴുവനും ശിഷ്യനു കൊടുക്കുന്നതു് അനുചിതമായിരിക്കും. എങ്കിലും ശിഷ്യർക്കുള്ള സ്വാതന്ത്ര്യത്തെ അതിക്രമിക്കാത്തവയും ഉപകാരവത്തുക്കളുമായ ഇമ്മാതിരി പൊടിക്കൈകൾ ഭാസ്ക്കരമേനവൻ കൊണ്ടാടുക പതിവായിരുന്നു. ഈ സംഗതിയിലും കീഴ്നടപ്പിനെ അനുസരിച്ചു പ്രശംസാവഹമായ പുഞ്ചിരികൊണ്ടു അദ്ദേഹം പ്രദർശിപ്പിച്ച തൃപ്തിഭാവം ശിഷ്യനു അനാമാന്യമായ സന്തോഷത്തിനും അഭിമാനത്തിനും ഉത്സാഹത്തിനും കാരണമായിത്തീർന്നു. മുറ നടത്തിക്കുന്നതിൽ ദാക്ഷിണ്യമില്ലായ്ക, അതിരുകവിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയൊ ചെയ്യുവാൻ അനുവദിക്കായ്ക, ഉപകാരസ്മരണ ഉണ്ടാവുക, പ്രത്യുപകാരം ചെയ്ക, അവനവന്റെ വാക്കിലും പ്രവൃത്തിയിലും ചപലത ഇല്ലായ്ക - ഇവയുടെ ശരിയായ യോഗമാണു സ്വാമിയുടെ പേരിൽ അനശ്വരമായ ഭയഭക്തിവിശ്വാസം ശിഷ്യനു ജനിപ്പിക്കുവാനും സ്വാമിയുടെ നില കാക്കുവാനും ഉത്തമമായ ഔഷധമെന്നു സൂക്ഷ്മബുദ്ധിയായ ഭാസ്കരമേനവനു വഴിപോലെ അറിയാമായിരുന്നു. മറ്റുള്ള നിയമങ്ങളിൽ എന്നപോലെ ഈ കാര്യത്തിലും അദ്ദേഹത്തിനു നല്ല നിഷ്ഠയുണ്ടായിരുന്നു, ഇതിന്റെ ഫലം ശിഷ്യന്റെ നടവടിയിൽ എത്രമാത്രം പ്രകാശിച്ചിരുന്നു എന്നു പറഞ്ഞറിയിക്കേണ്ടതില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/65&oldid=173977" എന്ന താളിൽനിന്ന് ശേഖരിച്ചത്