താൾ:ഭാസ്ക്കരമേനോൻ.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18


"എന്നാൽ ഞാൻ പറയാം. കിട്ടുണ്ണിമേനവന്നു ഇളകുന്ന വസ്തുക്കളാണു അധികമുള്ളതെന്നു അച്ഛനറിയാമല്ലൊ. അദ്ദേഹത്തിന്റെ വക പണ്ടങ്ങളും പാത്രങ്ങളും എന്നുവേണ്ട പണമിടപെട്ട സകലലക്ഷ്യങ്ങളും കാര്യസ്ഥന്റെ കൈവശത്തിലാണു്. കിട്ടുണ്ണിമേനോൻ ദീനത്തിൽ കിടപ്പായതിന്റെ ശേഷം ഉറപ്പില്ലാതെ നിർക്കുന്ന സംഖ്യകളെല്ലാം ഈ കാര്യസ്ഥൻ സ്വമേധക്കു പിരിക്കുവാൻ തുടങ്ങിയിരിക്കയാണു്. ഈ കൂട്ടത്തിൽ ഞങ്ങളെയും പിടിത്തം കൂടീട്ടുണ്ടു്. ഇതൊരിക്കലും കിട്ടുണ്ണിമേനോൻ പറഞ്ഞിട്ടുണ്ടാവാൻ തരമില്ല. ഒന്നാമതു ഞങ്ങൾ അദ്ദേഹത്തിന്റെ ശേഷക്കാരും അവകാശികളുമാണു്. രണ്ടാമതു, ഞങ്ങളുടെ കഷ്ടപ്പാടു അറിഞ്ഞിട്ടാണു് ഈ സംഖ്യ അദ്ദേഹം ലക്ഷ്യംകൂടാതെ ഞങ്ങൾക്കു തന്നിട്ടുള്ളതു്. ഈ ഉറുപ്പിക അദ്ദേഹം ഞങ്ങൾക്കു വിട്ടുതന്നുവെങ്കിലോ എന്നു ഭയപ്പെട്ടിട്ടായിരിക്കാം കാര്യസ്ഥൻ ഈ പണിപറ്റിച്ചതു്. ഒരാഴ്ചവട്ടത്തിനകം സംഖ്യമുഴുവനും മടക്കിക്കൊടുക്കണമെന്നു് മൂന്നുദിവസം മുമ്പു ഒരെഴുത്തുവന്നിരുന്നു. ഇതു നിവർത്തിക്കുവാൻ വല്ലവഴിയും ഉണ്ടോ എന്നു നോക്കുവാനാണു് ഞാൻ പുറത്തേക്കു പോയിരുന്നതു്. ഒരു നിവൃത്തിയും ആയില്ല."

ആദ്യംതന്നെ പണം നിങ്ങൾക്കു തന്നപ്പോൾ ഉറപ്പുകൊടുക്കണമെന്നു ശാഠ്യം പിടിച്ചതായും കിട്ടുണ്ണിമേനോൻ അതിനെ നിരോധിച്ചതായും കുട്ടിപ്പാറു എന്നോടു പറയുകയുണ്ടായിട്ടുണ്ടു്. "കാര്യസ്ഥൻ മഹാ അപകടനും ദുരാഗ്രഹിയുമാണെന്നു തോന്നുന്നു."

"അമ്മയ്ക്കു ഇതിന്റെ സത്യസ്ഥിതിയൊക്കെയറിയാം. കാര്യസ്ഥനെ അമ്മ നല്ലവണ്ണം അറിയും. ഞങ്ങൾ ഇനി എന്താണു് ചെയ്യേണ്ടതെന്നു അച്ഛൻതന്നെ പറയണം."

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/24&oldid=173932" എന്ന താളിൽനിന്ന് ശേഖരിച്ചത്