Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13


കൊടുത്തു. ബാലകൃഷ്ണമേനോൻ എഴുത്തുമേടിച്ചു വായിട്ടു കുറെ നേരം ആലോചിച്ചു നിന്നു.

"അച്ഛൻ രണ്ടുദിവസത്തിനകം വരും. വന്നാൽ വല്ല വഴിയും ഉണ്ടാവും. പരിഭ്രമിക്കാൻ വരട്ടെ. എഴുത്തു ഞാൻ സൂക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു എഴുത്തുംകൊണ്ടു വീട്ടിൽനിന്നു പുറത്തിറങ്ങി എങ്ങോട്ടോ പോയി.

ഈ സംഭവം കഴിഞ്ഞിട്ടു മൂന്നാം ദിവസം വൈകുന്നേരം കാരണവരുടെ സോദരിയായ പാർവതി അമ്മയുടെ സംബന്ധക്കാരൻ ആനന്ദപുരം ഇൻസ്പെക്ടൻ ചേരിപ്പറമ്പിൽ എത്തി. അച്ഛൻ വരുന്നതു കണ്ടിട്ടു മകൾ ദേവകിക്കുട്ടി തളത്തിൽ ഒരു പുൽപായ് കൊണ്ടുവന്നു വിരിച്ചു വെറ്റിലത്തട്ടത്തിൽ മുറുക്കാനും തയ്യാറാക്കിവച്ചു് അച്ഛന്റെ അടുത്തു ചെന്നു.

"അച്ഛൻ ചവിട്ടുവണ്ടിയിൽ വന്നിട്ടു വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ. ഞാൻ പോയി കാപ്പികൊണ്ടുവരട്ടെ" എന്നു ചോദിച്ചു.

"വാലിയക്കാരനോടു പറഞ്ഞയച്ചാൽ മതി, നീയ്യു പോവണ്ട."

"ജ്യേഷ്ഠനും കുഞ്ഞികൃഷ്ണനുംകൂടി പുറത്തേക്കുപോയി. അമ്മ അടുക്കളയിലാണു്".

"എന്റെ ശിഷ്യനെക്കൂടെ കൊണ്ടുവന്നോളായിരുന്നു. ഇതറിഞ്ഞില്ലല്ലോ. ആട്ടെ വേഗം പോയി കാപ്പി കൊണ്ടുവരു" എന്നതുകേട്ടു ദേവകിക്കുട്ടി അച്ഛനു കാപ്പി ഉണ്ടാക്കുവാൻ അടുക്കളയിലേക്കു പോയി. അച്ഛൻ ചവിട്ടുവണ്ടി ഓടിച്ചുകൊണ്ടുപോകുന്നതു കണ്ടപ്പോൾ ബാലകൃഷ്ണമേനോൻ ഒരെഴുത്തു കയ്യിലുണ്ടായിരുന്നതു കുഞ്ഞുകൃഷ്ണൻവശം കൊടുത്തു. 'ഇതു പരിവട്ടത്തു എത്തിച്ചുകൊടുക്കണമെന്നു' പറഞ്ഞു വീട്ടിലേക്കുതന്നെ തിരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/19&oldid=173926" എന്ന താളിൽനിന്ന് ശേഖരിച്ചത്