ഒരു നാട്ടിന്റെ ശ്രേയസ്സിനു നാട്ടുകാരുടെ സഹായമില്ലാതെ ആ നാട്ടിലെ പ്രഭുവിന്റെ ധനപുഷ്ടിമാത്രം മതിയാവുന്നതല്ലെന്നുള്ളതു ഒരു നിത്യവാസ്തവമായിരിക്കെ എളവല്ലൂർദേശത്തിനു മറ്റു ദേശങ്ങളെക്കാൾ പ്രാധാന്യം സിദ്ധിച്ചതിൽ ഒട്ടുംതന്നെ അത്ഭഉതപ്പെടുവാനില്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ സഹായമില്ലാത്തവരും അദ്ദേഹത്തിനെക്കുറിച്ചു സ്നേഹമില്ലാത്തവരും എളവല്ലൂർദേശത്തിൽ എന്നല്ല അയൽപക്കങ്ങളിൽകൂടി വളരെ ചുരുക്കമായിരുന്നു. എന്നാൽ പരശ്രീ കണ്ടുകൂടാത്ത ചില വിശ്വാമിത്രസൃഷ്ടികൾ അദ്ദേഹത്തിന്റെ പേരിനെ ദുഷിക്കുവാൻ ശ്രമിച്ചിരുന്നില്ലെന്നില്ല. ഈ അസൂയാകുക്ഷികളെ മറ്റുള്ളവർ, ത്വഗ്രോഗികളെ എന്നപോലെ, കണ്ടാൽ അകലത്തുകൂടി ഒഴിഞ്ഞുപോകുന്നതല്ലാതെ അവർക്കു രോഗനിവൃത്തി വരുത്തിക്കൊടുക്കുവാൻ ഉത്സാഹിച്ചിരുന്നതുമില്ല. ഈ വകക്കാർക്കല്ലാതെ മറ്റെല്ലാവൎക്കും കിട്ടുണ്ണിമേനവന്റെ ദ്രവ്യവും ദേഹവും തങ്ങൾക്കുവേണ്ടി ഉഴിഞ്ഞിട്ടിരിക്കയാണെന്ന വിശ്വാസം പൂർണ്ണമായും ഉണ്ടായിരുന്നു.
കിട്ടുണ്ണിമേനവൻ ദീനത്തിൽ കിടപ്പായതിന്റെ ശേഷം അദ്ദേഹത്തിന്റെ മനസ്സിൽ താൻ ഇതിൽനിന്നു കരകേറുന്നതിനു മുമ്പു താനായിട്ടു കൊടുത്തുവാങ്ങലുള്ള ആളുകളുമായിട്ടു സകല എടവാടുകളും ഒതുക്കി പണസംബന്ധമായ ചില ഏർപ്പാടുകളെല്ലാം ചെയ്യണമെന്നുറച്ചു അദ്ദേഹം ആയതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുവാൻ കാര്യസ്ഥനെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അപ്പാത്തിക്കരിയോടു ചോദിച്ചു ദീനത്തിന്റെ വാസ്തവസ്ഥിതി നല്ലവണ്ണം അറിഞ്ഞിരുന്നതുകൊണ്ടു് ദീനം വൈഷമ്മിച്ചെങ്കിലോ എന്ന ഭയം കാൎയ്യ്സ്ഥനു ലേശംപോലും ഉണ്ടായിരുന്നില്ലെങ്കിലും