അതെ, എട്ടാംതീയതി കോടതിപിരിഞ്ഞു വരുംവഴിയാണു് കുഞ്ഞിരാമൻനായർ ഈ കഥ എന്നോടു പറഞ്ഞതു്. അതു കേട്ടപ്പോൾ ഞാൻ പോയവഴി തെറ്റല്ലെന്നു വന്നതുകൊണ്ടു സമാധാനമായി. മേലേവീട്ടിൽ കയ്മളുടെ ശീട്ടും കുഞ്ഞിരാമൻനായർ പറഞ്ഞപോലെയാണെന്നു കണ്ടറിഞ്ഞപ്പോൾ ഒസ്യത്തിന്റെ കാൎയ്യത്തിൽ ഒട്ടുമുക്കാലും വിശ്വാസവുമായി. ഈ ദിവസം തന്നെയാണു എന്നെ കൊല്ലുവാൻ മൊയ്തുവിനെ ശട്ടംകെട്ടിയിരുന്നതു്. ശൂദ്രവേഷം ധരിച്ചുനടക്കുന്ന ഈ മൊയ്തുതന്നെയാണു് എന്റെ വീട്ടിൽവന്നു പെരണ്ടുവീണതും, ആസ്പത്രിയിലേക്കു പോകുംവഴി എന്നെ പിന്തുടൎന്നതും. പിട്ടുകൊണ്ടു താൻ പാട്ടിൽ പിടിച്ചിട്ടുള്ള സാധുസ്ത്രീയോടുകൂടി പരിവട്ടത്തു കടവിൽ സംസാരിച്ചുകൊണ്ടു നിന്നിരുന്ന അയ്യപ്പൻനായർ പെട്ടെന്നു പിരിഞ്ഞോടിപ്പോയതിനു പല കാരണങ്ങളും തോന്നുന്നുണ്ടു്. പക്ഷെ അതൊന്നും ഇവിടെ വിസ്തരിച്ചിട്ടു പ്രയോജനമില്ല. മൊയ്തുവിനെ പാലത്തിന്മേൽ കണ്ടിട്ടായിരിക്കണം പരിഭ്രമിച്ചോടിപ്പോയതു്. മൊയ്തു പാലത്തിന്റെ കിഴക്കെ കരയ്ക്കൽ വന്നിട്ടു ഫലമില്ലെന്നു അയ്യപ്പൻനായർ ഓൎത്തിരിക്കണം. എങ്ങിനെയെങ്കിലും മൊയ്തുവായിട്ടുണ്ടായ മല്ലയുദ്ധത്തിൽ എനിക്കൊരു ലക്കോട്ടു ലാഭംകിട്ടി. ഈ ലക്കോട്ടാണു് മേല്പോട്ടുള്ള തെളിവു മുഴുവനും എടുക്കുവാൻ എന്നെ സഹായിച്ചതു്.
'നിങ്ങൾ എങ്ങിനെയാണു് രക്ഷപ്പെട്ടതു്? അവനെവിടെപ്പോയി?' എന്നു അപ്പാത്തിക്കരി ചോദിച്ചു.
'ചെറുപ്പകാലത്തു ഞങ്ങൾ രണ്ടുപേരും ഒരു ദിക്കിൽ അഭ്യാസം പഠിച്ചുകൊണ്ടിരുന്നവരാണു്. എങ്കിലും ആദ്യം ഞങ്ങൾക്കു അന്യോന്യം മനസ്സിലായില്ല. അഭ്യാസരീതി