താൾ:ഭാസ്ക്കരമേനോൻ.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
120


പ്രത്യക്ഷമായിട്ടു കാണുന്ന സ്വരൂപത്തെക്കുറിച്ചുണ്ടായിരുന്ന സംശയം തീൎന്നു വിശ്വാസം ജനിച്ചതോടുകൂടി വായിച്ചിരുന്ന കടലാസ്സും വലിച്ചെറിഞ്ഞു ആനന്ദപുരം ഇൻസ്പെക്ടർ നിലവിട്ടു പകച്ചു നിന്നുപോയി. ഇൻസ്പെക്ടർ കേട്ട കോലാഹലം പടിക്കൽ കൂടിയിരുന്ന ജനസംഘത്തിന്റേയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കടലാസ്സു സ്റ്റേഷനാപ്സരുടെ മരണത്തെപ്പറ്റിയായിരുന്നു. സ്റ്റേഷനിലേക്കു കടന്നുവന്ന സ്വരൂപം നമ്മുടെ പണ്ടത്തെ സ്റ്റേഷനാപ്സരുടേതുമായിരുന്നു.

ചത്തു ജീവിച്ച ഭാസ്ക്കരമേനവനെ കണ്ടിട്ടുണ്ടായ ഭയത്താലും ആശ്ചര്യത്താലും സ്തബ്ധന്മാരായ തന്റെ കീഴുദ്യോഗസ്തന്മാരേയും മറ്റു പലരേയും തൽക്കാലം ഗണ്യമാക്കാതെ സ്റ്റേഷനാപ്സർ നേരിട്ടു ഇൻസ്പെക്ടരുടെ സന്നിധാനത്തിൽചെന്നു സലാംവച്ചു നിൽക്കുയാണുണ്ടായതു്. ഇൻസ്പെക്ടർ ഒന്നുകൂടി കണ്ണുമിഴിച്ചതല്ലാതെ ഏതൊരുവിധത്തിലാണു് സ്റ്റേഷനാപ്സൎക്കു സ്വാഗതം പറയേണ്ടതെന്നു തീരുമാനിക്കുവാൻ ശക്തനായില്ല. സ്റ്റേഷനാപ്സർ തന്റെ അജ്ഞാതവാസകഥ പറഞ്ഞഉ ഇൻസ്പെക്ടരെ സമാധാരപ്പെടുത്തുകയും ഉണ്ടായില്ല. അതിനുള്ള സമയം വന്നിട്ടില്ലെന്നു കണ്ടിട്ടെന്നപോലെ.

'കേസ്സെല്ലാം തെളിഞ്ഞു. സ്റ്റേഷനിൽ കിടക്കുന്ന പുള്ളികൾ എന്റെകൂടെ ഇപ്പോൾ തന്നെ അമ്പലക്കാട്ടേയ്ക്കു പുറപ്പെടുവാൻ ഉത്തരവുണ്ടാകണം. ഇവിടന്നും സഹായത്തിനു വരുന്നതായാൽ ഉപകാരമായിരുന്നു.' എന്നു ഭാസ്ക്കരമേനോൻ ബോധിപ്പിച്ചതിനു് അനുസ്വാരശൂന്യമായ പ്രണവംകൊണ്ടൊരു അനുസരണവും അതിനയോജിച്ച നടവടിയും ആയിരുന്നു ഇൻസ്പെക്ടരുടെ മറുവടി.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/126&oldid=173902" എന്ന താളിൽനിന്ന് ശേഖരിച്ചത്