താൾ:ഭാസ്ക്കരമേനോൻ.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
103


സകലതും സത്യംപോലെ വിട്ടുവീഴ്ച കൂടാതെ പറയുന്നതാണു നല്ലതെന്നു ആഫീസ്സുമേശയോടടുപ്പിച്ചു ചരിച്ചിട്ടിരിക്കുന്ന കസാലയിൽ ഇരുന്നു് മൂന്നു വരൽകൊണ്ടുമാത്രം പിടിച്ചിരിക്കുന്ന പെൻസിലിനെ മുമ്പിൽ നില്ക്കുന്ന കാൎയ്യസ്ഥന്റെ മൂക്കിനുനേരെ ലക്ഷ്യമാക്കിക്കൊണ്ടു, ഇൻസ്പെക്ടർ ഗൌരവമായി കല്പിച്ചു. കാൎയ്യസ്ഥൻ ഒരക്ഷരംപോലും ശബ്ദിച്ചില്ല.

'പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ എടവാടുകളെല്ലാം നിങ്ങൾ ഒതുക്കിയിരിക്കുന്നതു എന്തിനായിട്ടാണു്?' എന്നു ഇൻസ്പെക്ടർ വിസ്താരം ആരംഭിച്ചു.

'എജമാനൻ പറഞ്ഞിട്ടാണു' എന്നായിരുന്നു കാൎയ്യസ്ഥന്റെ സമാധാനം.

ചോദിച്ചതിനു സമാധാനം പറഞ്ഞാൽ മതി. എന്തിനാണെന്നാ ചോദിച്ചേ? ഇതു പറഞ്ഞപ്പോൾ ഇൻസ്പെക്ടരുടെ പെൻസിലിനു കാൎയ്യസ്ഥന്റെ മൂക്കു് ഒരിക്കൽകൂടി ലാക്കായിത്തീൎന്നു.

'എജമാനന്റെ വിശ്വാസം ദീനം വൈഷമ്മിക്കുമെന്നായിരുന്നു. അതിനു മുമ്പു സകല കാൎയ്യവും ഒതുക്കണമെന്നു എജമാനൻ സിദ്ധാന്തിച്ചിട്ടാണു്'.

'അപ്പാത്തിക്കരി ദീനം വൈഷമ്മിക്കുമെന്നു വിചാരിച്ചിരുന്നില്ലെന്നു എന്നോടു പറഞ്ഞുവല്ലൊ. ആട്ടെ, അതിരിക്കട്ടെ ആരെല്ലാവരുടേയും എടവാടു തീൎക്കുവാൻ ഉത്സാഹിച്ചു?' എന്ന ചോദ്യത്തിനു മറുപടിപറഞ്ഞകൂട്ടത്തിൽ ചേരിപ്പറമ്പുകാരുടെ കാൎയ്യം കാൎയ്യസ്ഥൻ വിട്ടുകളഞ്ഞു.

'കഴിഞ്ഞോ? എല്ലാം ആയോ? ഒന്നുകൂടി ആലോചിച്ചുനോക്കു.'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/109&oldid=173883" എന്ന താളിൽനിന്ന് ശേഖരിച്ചത്