കുലുക്കിവിളിച്ചപ്പോൾ, എന്താ എന്താ എ്? എന്നു ചോദിച്ചു പിടച്ചെഴുന്നേറ്റു.
'ഏമാന്നു സുഖക്കേടു കുറച്ചധികമാണു്. അമ്പലക്കാട്ടുപോയി, അപ്പാത്തിക്കരിയെ ഉടനെ കൂട്ടിക്കൊണ്ടുവരണം. അമാന്തിക്കരുതു്' എന്നു കുഞ്ഞിരാമൻ നായരു പറഞ്ഞു. ഗോവിന്ദൻ അതു കേട്ടപാടു വിരിച്ചിരുന്ന രണ്ടാംമുണ്ടെടുത്തരയിൽ കെട്ടി പായും തെറുത്തുവച്ചു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ-
'വരട്ടെ; ഇവിടെ വരു. സാവധാനത്തിൽ അകത്തുകടന്നു യജമാനന്റെ കണ്ണുരണ്ടും തറന്നിരിക്കുന്നതു അടപ്പിച്ചിച്ചു പൊക്കോളു പരിഭ്രമിക്കല്ലേ.'
എന്നു പറഞ്ഞ താമസം. ഗോവിന്ദൻ അകത്തേക്കു കടന്നു കട്ടിലിന്മേലേക്കു നോക്കിയപ്പോൾ ഒന്നു ഞെട്ടി "അയ്യോ" എന്നു പറഞ്ഞു് ഒന്നു പിന്നോക്കം വലിഞ്ഞു.
"വേണ്ട, പേടിക്കേണ്ട, ചെന്നോളു"
എന്നു കുഞ്ഞിരാമൻനായരു പറഞ്ഞതിനെ വിശ്വസിച്ചു് അടുത്തുചെന്നു ഉള്ളങ്കൈകൊണ്ടു കൺപോളകൾ തലോടി കണ്ണുരണ്ടും അടപ്പിച്ചു എന്നു വിചാരിച്ചു തിരിയെപ്പോന്നു.
"ഇനി വേഗം പോയിട്ടുവരു. ഞാനിവിടെ കാത്തിരിക്കാം" എന്നു പറഞ്ഞു നായർ ഗോവിന്ദനെ യാത്രയാക്കി. ആ സമയത്തു മഴ കോരിച്ചൊരിയുന്നുണ്ടു്. കട തൽക്കാലം അവിടെ നോക്കിയപ്പോൾ കണ്ടതുമില്ല. അതു തിരയുവാൻ പ്രയാസമെന്നും നിശ്ചയിച്ചു രണ്ടാമ്മുണ്ടും അഴിച്ചു തലയിലിട്ടു ശിഷ്യൻ ഗോവിന്ദൻ മഴയത്തുതന്നെ അമ്പലക്കാട്ടേക്കോടി.