Jump to content

താൾ:പ്രഹ്ലാദചരിതം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാരാതെ നിന്നു തപം തുടങ്ങീടിനാൻ
മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ
മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ
കുളിനിയമമനുദിനവുമവനു കുറവില്ലഹോ
കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.
അശനമപി ശയനമപി നഹി; കൃശശരീരനാ-
യൎച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.
കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം;
കാറ്റും മഴയും വെയിലുമേറ്റീടിനാൻ.
മരവിരിയുമഥ ജടയുമതിവിമലഭസ്മവും
മാറാതലങ്കാരമാക്കി വാണീടിനാൻ.
അവനുടയ ജടയിലുടനനവധി ലതാജാല-
മാകവേ ചുറ്റിപ്പടൎന്നു പതുക്കവേ.
പലവകയിലവനുടയ ശിരസി പരിചോടുടൻ
പക്ഷികൾ കൂടു ചമച്ചു കൂട്ടീടിനാർ.
പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-
പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.
അരവകുലമവനുടയ മുടിയിലിടകൂടിനി-
ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.
കതിരവനിലധികതരമവനുടയ തേജസാ
കാളുന്നു കത്തിജ്വ‌ലിച്ചു ദിഗന്തരം.
 അതുപൊഴുതു മുദിതമതി വിരവൊടു വിരിഞ്ചനു-
മാവിർഭവിച്ചു വരം കൊടുത്തീടുവാൻ.
"അസുരകുലതിലക! തവമതി മതി തപോവ്രത-
മൎത്ഥിച്ചുകൊണ്ടാലുമാഗ്രഹം മാനസേ.
തരുവനിഹ തവ രുചിരവരമഖിലമിന്നു ഞാൻ
താമസം വേണ്ടാ പറഞ്ഞുകൊൾക ഭവാൻ"
തദനു ദനുതനയവരനതിവിനയമൂർത്തി താൻ
താണു വണങ്ങിപ്പറഞ്ഞു തുടങ്ങിനാൻ.
"തരിക മമ വരമഖില,മരിമദമടക്കുവാൻ
തക്കവണ്ണം നല്ല ശക്തിവേണം വിഭോ!
മനുജപിതൃവിബുധകുലഭുജഗരജനീചര-
ന്മാരിൽനിന്നന്തം വരാതിരിപ്പാൻ വരം;

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/6&oldid=173831" എന്ന താളിൽനിന്ന് ശേഖരിച്ചത്