അതുകൊണ്ടുതന്നെ പാറകൾ ദ്രവിക്കാനും പൊടിയാനും അവസരമില്ലാത്തതിനാൽ മണ്ണോ മണലോ ആ ഗ്രഹത്തിലില്ല.
അടുത്തതു വെള്ളിയാണ്. ഒരു വലിയ നക്ഷത്രത്തെപ്പോലെ പ്രകാശിക്കുന്ന അത് ഒരു നക്ഷത്രം തന്നെയാണെന്നാണ് ആദ്യകാലങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നത്. വലിപ്പത്തിലും ഭാരത്തിലും മൗലികഘടകങ്ങളിലും മറ്റും ഭൂമിയും വെള്ളിയും ഏറെക്കുറെ സമന്മാരാണ്. തന്മൂലം ഈ ഗ്രഹത്തിൽ ജീവികളുണ്ടായേക്കാനിടയുണ്ടെന്നു ശാസ്ത്രജ്ഞന്മാർ കരുതിയിരുന്നു. എന്നാൽ ഈ വിശ്വാസത്തെ തകർക്കുന്ന ഒരു വസ്തുത പിന്നീടു വെളിവായി. അത് സ്വയം ഒരു പ്രാവശ്യം ചുറ്റുന്നതിന് ഒരു വർഷമെടുക്കുന്നു. തന്മൂലം ബുധനെപ്പോലെ തന്നെ വെള്ളിയുടെയും ഒരു വശം സ്ഥിരമായി സൂര്യനഭിമുഖമായി നിൽക്കുന്നു. ആ വശത്ത് 600o F വരെ താപനില ഉയരും. മറുവശത്താകട്ടെ കൊടിയ തണുപ്പും. ഈ നിലയിൽ വെള്ളിയിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചു ചിന്തിക്കാൻ കൂടി സാധ്യമല്ല. മാത്രമല്ല, വെള്ളിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിനാണു പ്രാമുഖ്യം. ഓക്സിജൻ ഉണ്ടായിരുന്നെങ്കിൽ തന്നെ അത് ആദ്യമേ ഇരുമ്പുമായി ചേർന്ന് തുരുമ്പായി തീർന്നിട്ടുണ്ടാകണം. ഇതും ജീവന്റെ നിലനിൽപ്പ് സാധ്യമല്ലാതാക്കിത്തീർക്കുന്ന ഒരു സാഹചര്യമാണ്.
വെള്ളി കഴിഞ്ഞാൽ പിന്നെ വരുന്നതു ഭൂമിയാണ്. ഭൂമിയെക്കുറിച്ചു അടുത്ത അദ്ധ്യായത്തിൽ വിശദമായി ചർച്ചചെയ്യുന്നതുകൊണ്ട് ഇവിടെ നമുക്കതു വിട്ടുകളയാം.
അടുത്ത ഗ്രഹമായ ചൊവ്വ ഭൂമിയേക്കാൾ വളരെ ചെറുതും ഭാരം കുറഞ്ഞതുമാണ്. ഭൂമിയുടെ ഭ്രമണവേഗതയിൽ തന്നെയാണ് ചൊവ്വയും സ്വയം ചുറ്റുന്നതെന്നുള്ളതുകൊണ്ട് ഇവിടത്തെപ്പോലെതന്നെയാണ് അവിടത്തെയും ദിനരാത്രങ്ങൾ. ചൊവ്വയുടെ അച്ചുതണ്ടും ഭൂമിയുടേതുപോലെ ചെരിഞ്ഞാണു സ്ഥിതി ചെയ്യുന്നത്. തന്മൂലം നമുക്കനുഭവപ്പെടുന്നതു പോലെ നാല് ഋതുക്കൾ ചൊവ്വയിലുമുണ്ടാകും. പക്ഷേ ഈ ഋതുക്കളുടെ കാലയളവ് നമ്മുടേതിന്റെ ഇരട്ടിവരും. എന്തുകൊണ്ടെന്നാൽ ഭൂമി സൂര്യനെ പ്രദക്ഷിണം വയ്ക്കാനെടുക്കുന്നതിന്റെ ഇരട്ടി സമയം വേണം ചൊവ്വയ്ക്കു സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ. അതുമൂലം നമ്മുടെ രണ്ടുവർഷമാണ് ചൊവ്വയിലെ ഒരുവർഷം. അതിന്റെ വ്യാസം ഏതാണ്ട് നാലായിരം മൈലാണ്. അതിന്റെ ആകർഷണശക്തി ഭൂമിയുടേതിന്റെ 2⁄5 മാത്രമാണ്. അതിന്റെ വായുമണ്ഡലത്തിൽ നീരാവിയും കാർബൺ ഡൈയോക്സൈഡും അല്പം ഓക്സിജനുമാണുള്ളത്. ഈ അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള ആകർഷണശക്തി അതിനേതായാലും ഉണ്ട്. ഇക്കാരണങ്ങൾ കൊണ്ട് അവിടെ ജീവന് നിലനിൽക്കാനുള്ള ചില സാധ്യതകളില്ലാതില്ല. പക്ഷേ, സ്വതന്ത്രമായ ഓക്സിജൻ വിരളമായതുകൊണ്ട് ഉയർന്ന ജീവികളൊന്നുമുണ്ടാകില്ല. ഏറിവന്നാൽ ചില പൂപ്പലുകളും പായലുകളും മാത്രമേ അവിടെയുണ്ടാകൂ. ഓക്സിജൻ അധികവും പാറകളിലുള്ള ഇരു