Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പോൾ, നമ്മുടെ ഈ സൗരയൂഥമണ്ഡലം എത്ര നിസ്സാരമാണെന്ന് വ്യക്തമാവുമല്ലോ.

മിന്നിത്തിളങ്ങുന്ന ഒരു വെള്ളിത്തളിക പോലെ തോന്നിപ്പിക്കുന്ന സൂര്യൻ നമുക്കൂഹിക്കാൻ കഴിയുന്നതിലും എത്രയോ വലുതാണ്. 8,64,000 മൈലാണ് അതിന്റെ വ്യാസമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ്! ഇത്ര വിസ്തൃതമായ സൂര്യന്റെ ഉപരിതലത്തിന്റെ ഓരോ ചതുരശ്ര സെന്റിമീറ്ററും ഒരു മിനിറ്റിൽ 90,000 കലോറി ഊർജ്ജം വമിച്ചുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിൽ സൂര്യൻ പുറപ്പെടുവിക്കുന്ന ഊർജ്ജം 3x1030 കലോറിയാണ്. പക്ഷേ, ഇതിന്റെ ഇരുപതുകോടിയിലൊരംശം മാത്രമേ ഭൂമിക്ക് ലഭിക്കുന്നുള്ളു! സൂര്യന്റെ മൊത്തത്തിലുള്ള ദ്രവ്യമാനം 2x1032 ഗ്രാമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതുവെച്ചു നോക്കുമ്പോൾ, ഒരു വർഷത്തിൽ, സൂര്യന്റെ ദ്രവ്യമാനത്തിലെ ഓരോ 2 ഗ്രാമും 3 കലോറി വീതം ഊർജ്ജം ഉല്പാദിപ്പിക്കുന്നതായി കാണാം. ഇതത്ര വലിയൊരു കാര്യമല്ലെന്ന് തോന്നാം. പക്ഷെ, സൂര്യൻ നിരന്തരമായ ഊർജ്ജോല്പാദനപ്രക്രിയ തുടങ്ങിയിട്ട് കോടിക്കണക്കിന് വർഷങ്ങളായിരിക്കുന്നു. കഴിഞ്ഞ 50 കോടി വർഷത്തിന്റെ കാര്യം മാത്രമെടുത്താൽ സൂര്യനിലെ ഓരോ ഗ്രാമും 100 കോടി കലോറി വീതമുൽ‌പാദിപ്പിച്ചിട്ടുണ്ടെന്ന് കാണാം. ഇത് ഊഹാതീതമായ ഒരു കാര്യമാണ്. കാരണം, ഒരു ഗ്രാം കൽക്കരിയും ഓക്സിജനും ശരിയായ തോതിൽ ചേർന്ന് കത്തിജ്വലിച്ചാലുണ്ടാകുന്നത് 2000 കലോറി മാത്രമാണ്. ആ നിലയ്ക്ക്, ഈ വിധത്തിലുള്ള രാസപ്രവർത്തനമല്ല സൂര്യനിലെ വമ്പിച്ച ഊർജോൽ‌പാദനത്തിന് നിദാനമായി വർത്തിയ്ക്കുന്നതെന്നു വരുന്നു.

സൂര്യന്റെ അപാരമായ ഊർജോൽ‌പാദനശേഷിയെക്കുറിച്ച് മനസിലാക്കുന്നതിന് അതിന്റെ ഘടകങ്ങളെന്തെല്ലാമാണെന്നും അവ തമ്മിലുള്ള പ്രവർത്തനങ്ങളെന്തെന്നും മനസിലാക്കിയാൽ മതി. ഇന്ന് സ്പെക്ട്രോസ്കോപ്പുപയോഗിച്ചുകൊണ്ട്, സൂര്യനിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശത്തെ വിശകലനം ചെയ്ത് അവയുടെ രാസഘടന കൃത്യമായി മനസിലാക്കാൻ കഴിയുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ ഫലമായി, സൂര്യനിൽ, ഭൂമിയിലുള്ള ഏറെക്കുറെ എല്ലാ മൂലകങ്ങളും നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ, പ്രപഞ്ചത്തിൽ ഒട്ടാകെ തന്നെ, ഹൈഡ്രജനാണ്. രണ്ടാം സ്ഥാനം ഹീലിയത്തിനും. മറ്റു മൂലകങ്ങളെല്ലാം നന്നേ ചെറിയ തോതിലേ ഉള്ളൂ. സൂര്യനിൽ നിരന്തരം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രവർത്തനത്തിൽ ഏറ്റവും പ്രധാനമായത് ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രക്രിയയാണ്. സെക്കൻഡുതോറും 80 കോടി ടൺ ഹൈഡ്രജൻ ഹീലിയമായിക്കൊണ്ടിരിയ്ക്കുന്നു. ഇതിന്റെ ഫലമായി 60 ലക്ഷം ടൺ ദ്രവ്യമാനം ഊർജമായി പരിവർത്തനപ്പെട്ട് സെക്കൻഡുതോറും സൂര്യനിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഈ ഊർജമാണ് പ്രകാശവും ചൂടും റേഡിയേഷനുകളും മറ്റുമായി നിരന്തരം സൂര്യനിൽ നിന്ന് വമിച്ചു കൊണ്ടിരിയ്ക്കുന്നത്.