Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8

സൗരയൂഥം

ക്ഷീരപഥമെന്ന നക്ഷത്രസമൂഹത്തിന്റെ ബാഹ്യതലങ്ങളിലാണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയേക്കാം. എന്നാൽ, സൂര്യനും അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുമടങ്ങുന്ന സൗരയൂഥത്തിലെ ഒരംഗമാണു ഭൂമിയെന്നുള്ള വസ്തുത കൈക്കൊള്ളാൻ ഇന്നു ഭൂരിപക്ഷം പേർക്കും കഴിയുന്നുണ്ട്. ബാഹ്യാകാശപേടകങ്ങളിൽ ഭൂമിക്കു ചുറ്റും കറങ്ങാനും ചന്ദ്രനിൽ പോയി അവിടത്തെ പാറകളും മറ്റും കൊണ്ടുവന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് കാണിച്ചുകൊടുക്കാനും ആധുനികശാസ്ത്രത്തിന്റെ പ്രതിനിധികൾക്ക് കഴിഞ്ഞിട്ടുള്ള ഈ കാലഘട്ടത്തിൽ, പഴയ തളിക പ്രമാണത്തെയോ, ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്ന ധാരണയെയോ പിന്തുടരാൻ അധികമാരും തയ്യാറാവുകയില്ല. മാത്രമല്ല, ശാസ്ത്രം ചൂണ്ടിക്കാണിച്ചുതരുന്ന വസ്തുതകളെ കുറെയെല്ലാം ഉൾക്കൊള്ളാൻ സാധാരണക്കാർ തയ്യാറാവുകയും ചെയ്തിരിക്കുന്നു.

ഈ പ്രപഞ്ചത്തിൽ, സൗരയൂഥത്തിൽ എന്തെല്ലാമുണ്ടെന്നും അതുത്ഭവിച്ചതെങ്ങനെയാണെന്നും ചുരുക്കത്തിലൊന്നു പരിശോധിക്കാം. കഴിഞ്ഞ അദ്ധ്യായത്തിൽ വ്യക്തമാക്കിയതുപോലെ നാമധിവസിക്കുന്നത് അനന്തവിശാലമായ വിശ്വത്തിലെ ഒരു പ്രാദേശിക പ്രപഞ്ചത്തിലാണെന്ന് കരുതിയാൽ പോലും, ആ പ്രാദേശികപ്രപഞ്ചത്തിലെ ഒരു സൂക്ഷ്മ പ്രപഞ്ചം മാത്രമാണ് നമ്മുടെ സൗരയൂഥം. പ്രപഞ്ചത്തെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ, അതിബൃഹത്തെന്ന് നമുക്കു തോന്നിക്കുന്ന ഈ സൗരയൂഥം അത്ര നിസ്സാരമാണെന്നർത്ഥം. സൂര്യനിൽനിന്ന് ഭൂമിയിലേയ്ക്കുള്ള അകലം 9.3 കോടി മൈലാണ്. എന്നാൽ, സൗരയൂഥത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പ്ലൂട്ടോവിന്റെ ഭ്രമണപഥത്തിൽ അത് ഏറ്റവും അകന്നു നിൽക്കുമ്പോൾ, 450 കോടി മൈലാണ് അതിലേയ്ക്കുള്ള ദൂരം. ഇത് അതിബ്രഹത്തായ ഒരു മേഖലയാണെന്നു തോന്നിയേക്കാം. വാസ്തവമതല്ല. പ്രകാശവേഗത്തെ ഒരു മാനദണ്ഡമാക്കി ഈ ദൂരമൊന്നളന്നുനോക്കാം. സെക്കന്റിൽ 1,86,300 മൈൽ സഞ്ചരിക്കുന്ന പ്രകാശത്തിന് സൂര്യനിൽ നിന്ന് ഭൂമിയിലെത്താൻ 8 മിനിറ്റേ വേണ്ടൂ. പ്ലൂട്ടോവിലെത്താൻ 6.5 മണിക്കൂറും. എന്നാൽ നമുക്കേറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്ക് എത്തിച്ചേരാൻ പ്രകാശം നാലിൽപരം വർഷങ്ങളെടുക്കും. മറ്റു പല നക്ഷത്രങ്ങളിലേക്കുമെത്താൻ ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങൾ വേണ്ടിവരു