താൾ:പ്രപഞ്ചവും മനുഷ്യനും.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്കണക്കിന് വ്യതിരിക്തങ്ങളായ റേഡിയോ പ്രസരോറവിടങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് പിടികൊടുക്കാതെ നിലനിന്നിരുന്നു. മൗണ്ട് പലോമറിലെ 200-ഇഞ്ച് ദൂരദർശിനി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണങ്ങളുടെ ഫലമായി ഈ ഉറവിടങ്ങളിലൊന്ന് ക്ഷീരപഥത്തിലെ ഒരു നീലനക്ഷത്രമാണെന്ന്, അത്ഭുതകരമായ വിധത്തിൽ 1960-ൽ തെളിയിക്കപ്പെട്ടു. പിന്നെ, മറ്റു ചിലവകൂടി ഇത്തരം നക്ഷത്രങ്ങളാണെന്ന് വ്യക്തമായി. എന്നാൽ, എല്ലാ ശാസ്ത്രജ്ഞന്മാരെയും അത്ഭുതപ്പെടുത്തുമാറ് 1962-ൽ, ഈ നീലനക്ഷത്രങ്ങളിലൊന്നിന്റെ സ്പെക്ട്രത്തിൽ ഒരു 'ചുവപ്പുനീക്കം' കണ്ടെത്തുകയുണ്ടായി. പിന്നീട് ആ നീലനക്ഷത്രങ്ങളുടെ കാര്യത്തിലെല്ലാം തന്നെ അത് നിരീക്ഷിക്കപ്പെടുകയുണ്ടായി. ഇവയെയാണ് അർദ്ധ-നക്ഷത്ര-റേഡിയോപ്രസര-ഉറവിടങ്ങൾ അഥവാ ക്വാസറുകൾ എന്നു വിളിക്കുന്നത്. ഇവയുടെ 'ചുവപ്പുനീക്കം' കാണിക്കുന്നത് ഇവ അതിവേഗത്തിൽ പലായനം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണല്ലോ. ഇവയിൽ ചിലതിന് പ്രകാശപ്രവേഗത്തിന്റെ 75-80 ശതമാനം വരെ എത്തുന്ന വേഗതയുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ഗാലക്സിക്കും ഇത്രയും വേഗതയുള്ളതായി അറിവായിട്ടില്ല. മാത്രമല്ല, ഈ 'ചുവപ്പുനീക്ക'ത്തെക്കുറിച്ചുള്ള ഈ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ ചില ക്വാസറുകൾ 700-800 കോടി പ്രകാശവർഷങ്ങൾ അകലെയാണെന്നു തെളിയുന്നു.

ക്വാസറുകളും റേഡിയോപ്രസരഗാലക്സികളും വമ്പിച്ച തോതിൽ ഊർജം പ്രസരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയിൽ ഇത്തരത്തിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നതെങ്ങിനെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകളൊന്നുമിന്ന് രൂപീകരിക്കപ്പെട്ടിട്ടില്ല. ഭൂമിയിൽ ഊർജോല്പാദനത്തിനുള്ള ഏതൊരു സമ്പ്രദായവും ക്വാസറുകൾ പുറപ്പെടുവിക്കുന്ന ഊർജത്തിന്റെ ഉറവിടത്തെ വിശദീകരിക്കാൻ അപര്യാപ്തമായിരിക്കും. റേഡിയോ ഗാലക്സികളിൽ, വമ്പിച്ച പൊട്ടിത്തെറികൾക്ക് തുല്യമായ കോളിളക്കങ്ങളാണ് ഈ ഊർജോല്പാദനത്തിന് കാരണമെന്ന് വ്യക്തമാണ്. ക്വാസറുകളുടെ കാര്യത്തിൽ, ഒരു കോടിയോ പത്തു കോടിയോ നക്ഷത്രങ്ങൾ ഒന്നിച്ച് കട്ടകൂടിയിരിക്കുകയും ആകർഷണശക്തികളുടെ ആന്തരികോന്മുഖപ്രവർത്തനം മൂലം വമ്പിച്ച തോതിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുകയും ആണെന്ന് ഒരു കൂട്ടർ കരുതുന്നു. പദാർത്ഥവും എതിർ-പദാർത്ഥവും തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ഫലമായി അവ നശിക്കുകയും വമ്പിച്ച തോതിൽ ഊർജം പുറപ്പെടുവിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ക്വാസറുകൾ എന്ന മറ്റൊരു നിഗമനം കൂടിയുണ്ട്.

അടുത്ത കാലത്തുണ്ടായ ഈ കണ്ടുപിടുത്തങ്ങളെല്ലാം സ്ഥിരസ്ഥിതിസിദ്ധാന്തത്തെ ഒരു വിധത്തിൽ ശക്തിപ്പെടുത്തുന്നതാണ്. ക്വാസറുകളെക്കുറിച്ചുള്ള നിരീക്ഷണത്തിൽ ടെലസ്കോപ്പുകളിൽ ശേഖരിക്കപ്പെട്ട ഊർജം അധികപക്ഷവും ഏതാണ്ട് 800 കോടി വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടവയായിരിക്കണം. ആ നിലയ്ക്ക് ഇന്നു അവയിൽ നിന്നു പുറപ്പെടുന്ന ഊർജപ്രസരങ്ങൾ ഒരിക്കലും നമ്മുടെ നിരീക്ഷണമേഖലയിൽ എത്തപ്പെടുകയില്ല.