Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശാശ്വതികയാണ് നിരന്തരസൃഷ്ടിക്ക് നിദാനമായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

പക്ഷേ, ഇവിടെ അത്യധികം ശ്രദ്ധാർഹമായ ഒരു വസ്തുതയുണ്ട്. പദാർത്ഥകണികകൾക്കുള്ളിൽ നടക്കുന്ന ഈ നിരന്തരസൃഷ്ടിസംഹാരങ്ങൾ ശൂന്യതയിൽ സംഭവിക്കുന്നതല്ല. കണികകൾ സൃഷ്ടിക്കപ്പെടുന്നത് ഊർജ്ജത്തിൽനിന്നാണ്. അവ നശിക്കുമ്പോൾ ഊർജമായി മാറുകയും ചെയ്യുന്നു. ഊർജ-പദാർത്ഥസംരക്ഷണനിയമം, ആധുനിക പരമാണുശാസ്ത്രത്തിൽ നിഷേധിക്കപ്പെടുകയല്ല, കൂടുതൽ വ്യക്തമായി സ്ഥിരീകരിക്കപ്പെടുകയാണു ചെയ്തിട്ടുള്ളത്. ആ നിലയ്ക്ക് സ്ഥിരസ്ഥിതിസിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നതുപോലെ പ്രപഞ്ചത്തിലെമ്പാടും ഹൈഡ്രജൻ അണുക്കൾ നിരന്തരം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതു ശൂന്യതയിൽ നിന്നാവാൻ വഴിയില്ല. മറ്റേതെങ്കിലും രൂപത്തിൽ ഊർജത്തിന്റെയോ, മണ്ഡലങ്ങളുടെയോ രൂപത്തിൽ നിലനിൽക്കുന്ന പദാർത്ഥത്തിൽ നിന്നായിരിക്കില്ലേ ഇവയുടെ ആവിർഭാവം? ഗുരുത്വാകർഷണമണ്ഡലം തന്നെ, വൈദ്യുതകാന്തമണ്ഡലത്തിന് സമാനമായ ഒന്നാണെന്നു തെളിയിക്കപ്പെട്ട നിലയ്ക്ക് അങ്ങനെ കരുതാൻ ന്യായമുണ്ട്. മാത്രമല്ല, ഭൂരിപക്ഷം നക്ഷത്രങ്ങളും വിവിധ ദശകളിലൂടെ കടന്നുപോയി, അവസാനം വളരെ ചെറിയ കറുത്ത കുള്ളന്മാരായി തീരുന്നതിനിടയ്ക്ക് അവയിൽ അടങ്ങിയിരുന്ന പദാർത്ഥസഞ്ചയത്തിന്റെ ബഹുഭൂരിഭാഗവും വൈദ്യുതകാന്തമണ്ഡലങ്ങളും ഊർജവുമായി വിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം തന്നെ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ സമാഹരിക്കുകയും പുതിയ പദാർത്ഥകണികകൾക്ക് ജന്മമേകുകയും ചെയ്യുന്നുണ്ടായിരിക്കാം.

അപ്പോൾ വേറൊരു പ്രശ്നം കൂടി തലപൊക്കും. നമ്മുടെ പ്രാപഞ്ചികമേഖലകളിൽ നടക്കുന്ന സൃഷ്ടി പ്രക്രിയ ശൂന്യതയിൽ നിന്നല്ലെങ്കിൽ, അകന്നകന്ന് പോയി, നമ്മുടെ പ്രാപഞ്ചിക മേഖലകളിൽനിന്ന് അപ്രത്യക്ഷമാകുന്ന ഗാലക്സികളും മറ്റും യഥാർത്ഥത്തിൽ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്. ഈ വികാസവും അതിനെ തുടർന്നുള്ള നഷ്ടവും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, നമ്മുടെ പ്രപഞ്ചം ഒരു കാലത്ത് ശൂന്യമായി തീരുകയില്ലേ? ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ശൂന്യതയിൽനിന്ന് ഹൈഡ്രജൻ അണുക്കൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അതു തെളിയിക്കപ്പെട്ടാൽ, അടിസ്ഥാനപരങ്ങളായ മറ്റു പല ഭൗതിക തത്ത്വങ്ങളും അപകടത്തിലാവുകയും ചെയ്യും.

ക്വാസർ

കഴിഞ്ഞ രണ്ട് ദശാബ്ദകാലമായിട്ട് ജ്യോതിശ്ശാസ്ത്രജ്ഞന്മാരെ വല്ലാതെ കുഴക്കിക്കൊണ്ടിരുന്ന മറ്റൊരു പ്രശ്നമുണ്ടായിരുന്നു. വലിയ റേഡിയോ ടെലസ്കോപ്പുകളുപയോഗിച്ച്, ക്ഷീരപഥത്തിലെയും ബാഹ്യ നെബുലകളിലെയും റേഡിയോ പ്രസര ഉറവിടങ്ങളെല്ലാം നിരീക്ഷിച്ചിട്ടും, ആയി