Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഥാർത്ഥ്യത്തെ തുറന്ന് അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

ആഭ്യന്തരയുദ്ധത്തിന്റെയും സാമ്രാജ്യത്വാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്രീകൃതാധികാരം ആവശ്യമായി വന്നത് ശരിയാണ്. പക്ഷേ, അത്തരം സാഹചര്യങ്ങളുടെ ഫലമായ ഒരു താൽക്കാലില ഏർപ്പാടാണ് പാർട്ടിയുടെ കുത്തകാധികാരം എന്ന് ലെനിൻ ഒരിടത്തും വിശദീകരിക്കുന്നില്ല. മറിച്ച്, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെ പാർട്ടി സ്വേച്ഛാധിപത്യമായി വ്യാഖ്യാനിക്കാൻ കഴിയുന്ന ഒരു സൈദ്ധാന്തികചട്ടക്കൂടാണ് ലെനിൻ വികസിപ്പിച്ചത്. ജനാധിപത്യത്തെ വർഗ്ഗാധിപത്യത്തിനുള്ള ഒരു ഭരണകൂടരൂപം മാത്രമായിട്ടാണ് ലെനിൻ കണ്ടത്. ആ വശം പ്രധാനമായിരിക്കുമ്പോൾ തന്നെയും വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം കൈകാര്യം ചെയ്യുന്ന ഒരു സാമൂഹ്യസംഘടനാരൂപമെന്ന നിലയ്ക്ക് ജനാധിപത്യത്തിന് ഒരു വർഗ്ഗേതര സ്വഭാവമുണ്ടെന്നും, വർഗ്ഗരഹിതസമൂഹത്തിലും ഒരു ജനാധിപത്യസംവിധാനം വേണ്ടിവരുമെന്നുമുള്ള കാര്യം ലെനിൻ കണ്ടില്ല. സ്വകാര്യസ്വത്ത് ഇല്ലായ്മ ചെയ്യപ്പെടുന്നതിലൂടെ സ്വാഭാവികമായി ഏറ്റവും വിശാലമായ ജനാധിപത്യം നിലവിൽ വരുമെന്ന് ലെനിൻ കരുതി. ഇത്തരം സൈദ്ധാന്തിക പാളിച്ചകളുടെ പശ്ചാത്തലത്തിലാണ്, ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം ഏകപാർട്ടി സ്വേച്ഛാധിപത്യമായി മാറിയത്. സ്റ്റാലിൻ അത് തന്റെ സ്വന്തമായ ഫാസിസ്റ്റ് സമീപനത്തിലൂടെ ഭീകരമായ ഒരു സോഷ്യൽഫാസിസ്റ്റ് സംവിധാനമാക്കി മാറ്റുകയാണുണ്ടായത്. ലെനിന്റെ ജനാധിപത്യശൈലിയിൽനിന്നും വ്യത്യസ്തമായ സമീപനമാണ് സ്റ്റാലിൻ സ്വീകരിച്ചത്. എങ്കിലും, രാഷ്ട്രീയമായി ലെനിൻ തന്നെയാണെ ഏകപാർട്ടി സ്വേച്ഛാധിപത്യം നിലവിൽകൊണ്ടുവന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.

ഈ ലെനിനിസ്റ്റ് ചട്ടക്കൂടിൽനിന്ന് പുറത്തുകടക്കാൻ മാവോയ്ക്കും കഴിഞ്ഞില്ല. ലെനിൻ അഭിമുഖീകരിച്ചതുപോലത്തെ ഒരു വൈരുദ്ധ്യത്തെയാണ് മാവോയും നേരിട്ടത്. സോഷ്യലിസ്റ്റു രാഷ്ട്രീയ സംവിധാനത്തിൽ ജനങ്ങളുടെ അധികാരം സ്ഥാപിക്കപ്പെടുന്നില്ലെന്നും, പാർട്ടിയിലെയും ഭരണകൂടത്തിലെയും ഒരു പിടി നേതാക്കന്മാർ പുതിയ അധികാരിവർഗ്ഗമായി മാറുകയാണെന്നും മാവോ തിരിച്ചറിഞ്ഞു. ഈ അവസ്ഥയെ മറികടക്കാനായി, പാർട്ടി നേതൃത്വത്തിനെതിരായി കലാപം ചെയ്യാനും അധികാരം പിടിച്ചെടുക്കാനും മാവോ ജനങ്ങളെ ആഹ്വാനം ചെയ്തു. ഫലത്തിൽ പാർട്ടിയുടെ കുത്തകാധികാരത്തെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥയായി സോഷ്യലിസ്റ്റുവ്യവസ്ഥയെ നിർവ്വചിക്കാൻ മാവോ തയ്യാറായില്ല. പാർട്ടിയുടെ കുത്തകാധികാരം ഉറപ്പുവരുത്തുന്ന ഒരു ഭരണകൂടസംവിധാനം തന്നെയാണ് ഔപചാരികമായി ഉറപ്പിക്കപ്പെട്ടത്. പാർട്ടിയുടെ കേന്ദ്രീകൃതാധികാരം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ കേന്ദ്രബിന്ദു