Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യേക വസ്തുവിനെ പ്രതിനിധീകരിക്കുന്നില്ല. അതേസമയം ഒരു പ്രത്യേക വർഗ്ഗം വസ്തുക്കളെ ഒരുമിച്ച് പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ വസ്തുക്കളുമായി നേരിട്ടു ബന്ധമില്ലാതെ തന്നെ, അവയെക്കുറിച്ചുള്ള അമൂർത്താശയങ്ങൾ രൂപീകരിക്കാൻ ഭാഷയുടെ സഹായത്തോടെ നമുക്കു കഴിയുന്നു. മനുഷ്യനൊഴിച്ചുള്ള ഒരു ജന്തുവിനും ഈ അമൂർത്തവൽക്കരണം സാധ്യമല്ല.

ആശയങ്ങളുടെ പങ്ക്

ഏതെങ്കിലും ഉപകരണങ്ങളോ കൈകളോ ഉപയോഗിച്ച് എന്തെങ്കിലും കൃത്യം നിർവഹിക്കാതെതന്നെ മസ്തിഷ്കത്തിൽ വെച്ച് അത്തരം കൃത്യങ്ങൾ, പ്രതീകങ്ങളും പ്രതിബിംബങ്ങളും ഉപയോഗിച്ച് ചെയ്യാൻ മനുഷ്യനു കഴിയുന്നു. സമൂർത്തസാഹചര്യങ്ങളിൽ നിന്ന് ഉടലെടുക്കുന്നതാണ് എല്ലാ അനുഭവങ്ങളുമെങ്കിലും മസ്തിഷ്കത്തിനുള്ളിൽ വെച്ച് അവയ്ക്ക് അമൂർത്തബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുന്നു. ഇത്തരം അമൂർത്തബന്ധങ്ങൾ അനുയോജ്യവും പരസ്പരബദ്ധവുമായ രീതിയിൽ രൂപംകൊള്ളുമ്പോൾ നാം അതിനെ ചിന്ത, യുക്തിവൽക്കരണം എന്നെല്ലാം വിളിക്കുന്നു. സാമൂഹ്യോല്പന്നമായ ഭാഷയുടെ സഹായത്തോടെ നേരിട്ടനുഭവവേദ്യമല്ലാത്ത വസ്തുക്കളെയും സംഭവങ്ങളെയും പ്രതിനിധീകരിക്കുന്ന ആശയങ്ങൾ മനുഷ്യർ സൃഷ്ടിക്കുന്നു. ഈ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന പദങ്ങളെപ്പോലെതന്നെ ഇവയും സാമൂഹ്യോല്പന്നങ്ങളാണ്. സാമൂഹ്യപരിതഃസ്ഥിതികളിൽനിന്നുടലെടുക്കുന്ന ആശയങ്ങൾ തിരിച്ച് സമൂഹത്തെയും സ്വാധീനിക്കുന്നുണ്ട്.

സാമൂഹ്യപരിണാമത്തിന്റെ വിവിധഘട്ടങ്ങളിൽ വിവിധ ആശയങ്ങൾ ഉടലെടുക്കുന്നു. ഓരോ കാലഘട്ടത്തിന്റെയും സവിശേഷതയായ ആശയസംഹിതകളാണ് പ്രത്യയശാസ്ത്രങ്ങൾ. പ്രത്യയശാസ്ത്രം അതാതുകാലത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിഫലനമായിരിക്കും. ഒരു സാമൂഹ്യവ്യവസ്ഥിതി എന്നു പറയുമ്പോൾ, ഒരു സമൂഹത്തിലെ ജനങ്ങൾ ജീവിതായോധനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും, ഉല്പാദനസമ്പ്രദായങ്ങളും, അവയുടെ അടിസ്ഥാനത്തിലുള്ള പരസ്പരബന്ധങ്ങളുമെല്ലാം ഉൾപ്പെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം സാമ്പത്തികബന്ധങ്ങളായതിനാൽ ഇത്തരം ഭൗതിക ജീവിത സാഹചര്യങ്ങളിൽനിന്നുടലെടുക്കുന്നതാണ് സാമൂഹ്യമായ ആശയങ്ങളെല്ലാം. ഈ ആശയങ്ങൾ ചേർന്നിട്ടാണ് ആ പ്രത്യേക സമൂഹത്തിന്റെ പ്രത്യയശാസ്ത്രമായി തീരുന്നത്. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ അടുത്ത പടിയായി സമൂഹത്തിന്റെ വളർച്ചയിൽ നിയാമകമായ ഒരു പങ്കു വഹിക്കുന്നു.

സമൂഹത്തിലെ വ്യക്തികളുടെ ചിന്താഗതികളും വീക്ഷണങ്ങളും വ്യക്തിനിഷ്ഠമായി രൂപംകൊള്ളുന്നവയല്ല. അവ മൊത്തത്തിൽ നിലനില്ക്കുന്ന സമൂഹവ്യവസ്ഥിതിയിലെ സാമ്പത്തിക ബന്ധങ്ങളുടെയും അവയുടെ ഫല