Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപരി കേന്ദ്രങ്ങളിലേതെങ്കിലും ഒന്ന് ഉണർന്നിരിക്കുന്നിടത്തോളം 'ഞാൻ' നിലനില്ക്കുന്നു. പൂർവമസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലെ ഒരു സവിശേഷത മുന്നൊരിക്കൽ സൂചിപ്പിക്കുകയുണ്ടായി. അതായത്, വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനം വിവിധ മസ്തിഷ്കഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പൂർവമസ്തിഷ്കത്തിലെ ഏതെങ്കിലുമൊരു ഭാഗത്തിനു തകരാറു പറ്റിയാലും, ആ ഭാഗം നിർവഹിച്ചുവന്നിരുന്ന കൃത്യങ്ങൾ മറ്റു ഭാഗങ്ങൾ ചേർന്നു നിർവ്വഹിക്കും. അങ്ങനെ എല്ലാ ഉപരി കേന്ദ്രങ്ങളുമായും അതിസങ്കീർണ്ണമായ പരസ്പരബന്ധം നിലനില്ക്കുന്നുണ്ട്. ഇങ്ങനെ വിവിധ ബോധേന്ദ്രിയകേന്ദ്രങ്ങളെയും ചേഷ്ടാ കേന്ദ്രങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന വിപുലമായ ഒരു ഏകീകരണ കേന്ദ്രം ഉയർന്ന ജന്തുക്കളുടെ മസ്തിഷ്കത്തിൽ നിലനില്ക്കുന്നുണ്ട് എന്നതിൽ സംശയമില്ല. നാഡീവ്യൂഹത്തെക്കുറിച്ചു പ്രതിപാദിച്ച അദ്ധ്യായത്തിൽ ചൂണ്ടിക്കാട്ടിയ തന്തുജാലമാണ് ഈ ഏകീകരണ കേന്ദ്രമായി വർത്തിക്കുന്നത് എന്ന് ഇന്ന് ഏറെക്കുറെ തെളിഞ്ഞിട്ടുണ്ട്.

വിവിധ ബോധേന്ദ്രിയങ്ങളിൽനിന്നു വരുന്ന വാർത്തകളെല്ലാം തന്തുജാലത്തിൽ വന്ന് സമഗ്രമായ അപഗ്രഥനത്തിനു വിധേയമാകുന്നുണ്ട്. അതു പോലെ മസ്തിഷ്കത്തിൽനിന്നു പുറപ്പെടുന്ന എല്ലാ നിർദ്ദേശങ്ങളും തന്തുജാലം വഴിയാണ് പുറത്തേയ്ക്ക് അയയ്ക്കപ്പെടുന്നത്. ഇത്തരം ഏകീകരണ പ്രവർത്തനത്തിനു തികച്ചും അനുയോജ്യമായ വിധത്തിലാണ് തന്തുജാലത്തിന്റെ ഘടനയും. മസ്തിഷ്കത്തിന്റെ കേന്ദ്രഭാഗത്തായി പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിക്കു താഴെയായിട്ടാണ് ഈ തന്തുജാലം സ്ഥിതിചെയ്യുന്നത്. അതിനു ചുറ്റും എല്ലാ തരത്തിലുമുള്ള സംജ്ഞാകേന്ദ്രങ്ങളും ചേഷ്ടാ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നു. തന്തുജാലത്തിലെ കോശങ്ങളെല്ലാം അസംഖ്യം ശാഖോപശാഖകളോടുകൂടിയവയാണ്. തന്മൂലം വിവിധ ദിശകളിൽ വന്നുചേരുന്ന വാർത്തകൾ ഓരോ കോശത്തിലോ ഒരു ചെറുവിഭാഗം കോശങ്ങളിലോ സമാഹരിക്കാനിടയാകുന്നു. ഇത് ഏകീകരണ പ്രവർത്തനത്തെ അങ്ങേ അറ്റം സഹായിക്കുന്നു. ഇങ്ങനെ പൂർവമസ്തിഷ്കത്തിൽ വന്നുചേരുന്ന സംജ്ഞാകേന്ദ്രങ്ങളിലെ വാർത്തകളും അവ തമ്മിലുള്ള വിവിധ സംയോജനങ്ങൾക്കു കളമൊരുക്കുന്ന സംയോജനകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുമെല്ലാം ഏകീകരിക്കുന്ന മർമ്മപ്രധാനമായ കൃത്യം നിർവഹിക്കുന്നത് തന്തുജാലമാണെന്നു കരുതേണ്ടിയിരിക്കുന്നു. ആ നിലയ്ക്ക് 'ഞാൻ' എന്ന ഭാവത്തിനു ജന്മമേകുന്ന ആ ഏകീകരണസ്ഥാനവും മറ്റെങ്ങുമാകാനിടയില്ല. പക്ഷേ, ഈ തന്തുജാലത്തിന്റെ പ്രവർത്തനം എല്ലായ്പോഴും പൂർവ മസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങളെയും മസ്തിഷ്കത്തിലെ മറ്റ് അധാകേന്ദ്രങ്ങളെയും തമ്മിൽ സംയോജിപ്പിക്കലായതുകൊണ്ട് ഈ വിവിധകേന്ദ്രങ്ങളിൽനിന്നു സ്വതന്ത്രമായ ഒരസ്തിത്വം അതിനുണ്ടാവില്ല. തന്മൂലം വിപുലമായ ഒരേകീകരണ മാധ്യമമായി മാത്രമേ തന്തുജാലത്തെ കണക്കാക്കാവൂ. ഏതെങ്കിലുമൊരു പ്രത്യേക ബോധത്തിന്റെ ആസ്ഥാനമായി അതു വർത്തിക്കുന്നില്ല. 'ഞാൻ' എന്ന ഭാവവും